കുബേരന്‍; നീണ്ട മൂക്കുള്ള നടി വേണമെന്ന് കേട്ടതും അദ്ദേഹം മീര ജാസ്മിന്റെ പേരാണ് പറഞ്ഞത്: സുന്ദര്‍ ദാസ്
Entertainment
കുബേരന്‍; നീണ്ട മൂക്കുള്ള നടി വേണമെന്ന് കേട്ടതും അദ്ദേഹം മീര ജാസ്മിന്റെ പേരാണ് പറഞ്ഞത്: സുന്ദര്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd June 2025, 12:11 pm

രേവതി കലാമന്ദിറിന്റെ ബാനറില്‍ 2002ല്‍ നടി മേനക നിര്‍മിച്ച ചിത്രമായിരുന്നു കുബേരന്‍. സുന്ദര്‍ ദാസിന്റെ സംവിധാനത്തില്‍ എത്തിയ ഈ സിനിമയില്‍ സംയുക്ത വര്‍മയും ഉമ ശങ്കരിയുമാണ് നായികമാരായത്.

അവര്‍ക്ക് പുറമെ ദിലീപ്, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, കീര്‍ത്തി സുരേഷ്, ഇന്ദ്രന്‍സ്, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ഈ സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നത്. ഉമ ശങ്കരി അഭിനയിച്ച ആദ്യത്തെ മലയാള ചിത്രം കൂടിയായിരുന്നു കുബേരന്‍.

എന്നാല്‍ ഉമ ശങ്കരിക്ക് മുമ്പ് ആ കഥാപാത്രത്തിലേക്ക് മീര ജാസ്മിനെ ആഗ്രഹിച്ചിരുന്നു എന്ന് പറയുകയാണ് സംവിധായകന്‍ സുന്ദര്‍ ദാസ്. ആര്‍.ജെ ഗദ്ദാഫിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുബേരന്‍ സിനിമയില്‍ രണ്ട് നായികമാരുണ്ടായിരുന്നു. അതില്‍ ഒന്ന് സംയുക്ത വര്‍മ ആണെന്ന് ആദ്യമേ തന്നെ തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു. പിന്നെ കുടകിലെ പെണ്ണായിട്ട് ഒരാളെ കൂടെ വേണമായിരുന്നു.

കുടകില്‍ ഷൂട്ട് ചെയ്യേണ്ട സിനിമ നമ്മള്‍ ഊട്ടിയില്‍ ഷൂട്ട് ചെയ്യുകയായിരുന്നല്ലോ. സാധാരണയുള്ള ഒരു നായികയെ വെച്ച് അത് ചെയ്യാന്‍ ആവില്ലായിരുന്നു. മേക്കോവറൊക്കെ വേണമെങ്കില്‍ ചെയ്യാമായിരുന്നു.

നീണ്ട മൂക്കുള്ള പെണ്ണിനെയാണ് വേണ്ടതെന്ന് പറഞ്ഞപ്പോള്‍ ലോഹിയാണ് മീര ജാസ്മിന്റെ കാര്യം പറഞ്ഞത്. മീര ആ സമയത്ത് തമിഴിലൊക്കെ അഭിനയിക്കുന്ന സമയമായിരുന്നു. ലോഹി തന്നെ വിളിച്ച് സംസാരിക്കാമെന്ന് പറഞ്ഞു.

അങ്ങനെ ലോഹിയാണ് മീര ജാസ്മിനെ വിളിക്കുന്നത്. കഥ കേള്‍ക്കാമെന്ന് മീര പറഞ്ഞിരുന്നു. കുടകിലെ സുന്ദരി എന്ന കണ്‍സെപ്റ്റിന് മീര ജാസ്മിന്‍ ഓക്കെയായിരുന്നു. എന്നാല്‍ ആ സമയത്ത് അവര്‍ വളരെ ബിസി ആയിരുന്നു.

ഇതിനിടയില്‍ കുറേ നായികമാരെ പോയി കണ്ടു. നീലപൊന്‍മാനില്‍ അഭിനയിച്ച സുമിത്രയുടെ മകളുണ്ടെന്ന് കേട്ടു. ആ കുട്ടി ഭാരതിരാജയുടെ ഒരു പടത്തില്‍ അഭിനയിച്ചിരുന്നു. അത് കേട്ടതും എനിക്ക് കോണ്‍ഫിഡന്‍സായി. അങ്ങനെയാണ് ഉമ ശങ്കരിയിലേക്ക് എത്തുന്നത്,’ സുന്ദര്‍ ദാസ് പറയുന്നു.


Content Highlight: Sundar Das Talks About Meera Jasmine And Kuberan Movie