ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സല്ലാപം. മഞ്ജു വാരിയര്‍, ദിലീപ്, മനോജ് കെ. ജയന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. മഞ്ജു വാരിയരുടെ ആദ്യ ചിത്രം കൂടിയായിരുന്നു സല്ലാപം. രാധ എന്ന കഥാപാത്രമായാണ് മഞ്ജു ചിത്രത്തില്‍ അഭിനയിച്ചത്.
സല്ലാപം സിനിമയിലെ മഞ്ജു വാര്യരുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സുന്ദര്‍ദാസ്. സല്ലാപത്തിന്റെ ക്ലൈമാക്സില്‍ മഞ്ജു ട്രെയ്നിന് മുന്നില്‍ ചാടി മരിക്കാന്‍ ശ്രമിക്കുന്നതും മനോജ് .കെ. ജയന്‍ വന്ന് പിടിക്കുന്നതുമാണ് സീനെന്നും കട്ട് പറഞ്ഞതിന് ശേഷം മഞ്ജു പറഞ്ഞെന്നും സുന്ദര്‍ദാസ് പറയുന്നു.
അഭിനയത്തിന് അപ്പുറത്തുള്ളതായിരുന്നു ആ സീനെന്നും അത്രയും ഉള്ളിലേക്ക് പോകാന്‍ പാടില്ലെന്ന് ലോഹിതദാസ് മഞ്ജുവിന് പറഞ്ഞുകൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോട്രെയ്ല്‍സ് ബൈ ഗദ്ദാഫി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുന്ദര്‍ ദാസ്.
‘ക്ലൈമാക്സ് ചിത്രീകരണം നടക്കുന്നത് ഷൊര്‍ണ്ണൂരിലാണ്. മഞ്ജു ട്രെയ്നിന് മുന്നില്‍ ചാടി മരിക്കാന്‍ ശ്രമിക്കുന്നതും മനോജ് .കെ. ജയന്‍ വന്ന് പിടിക്കുന്നതുമാണ് രംഗം. ട്രെയ്ന്‍ പാസ് ചെയ്ത് കഴിഞ്ഞാല്‍ ഉടനെ മനോജ് മഞ്ജുവിന്റെ ചെകിട്ടത്ത് അടിക്കുകയും വേണം. കട്ട് പറഞ്ഞതും ഇവള്‍ ഒരൊറ്റ കരച്ചിലാണ്.
മനോജിന്റെ മുട്ട് വിറക്കുകയാണ്. എന്ത് പറ്റി മനോജ് എന്ന് ചോദിച്ചു. ഇവളെ പിടിച്ചാല് കിട്ടണ്ടേ എന്ന് അദ്ദേഹം പറഞ്ഞു. അഭിനയത്തിന് അപ്പുറത്തുള്ളതായിരുന്നു ആ സീന്‍. ശരിക്കും മരിക്കാന്‍ പോയത് പോലെ പോയി. അവന് പിടിച്ചിട്ട് കിട്ടിയില്ല. ശരിക്കും സ്ട്രഗിളായി. മഞ്ജു കരച്ചിലായി.
ഞാനും ലോഹിയും ഉണ്ണിയേട്ടനും പോയി അടുത്തിരുന്ന് ആശ്വസിപ്പിച്ചു. ഇതൊക്കെ കണ്ടപ്പോള്‍ ഞങ്ങളും ഇമോഷണലായി. ഇത്രയും ഉള്ളിലേക്ക് പോകാന്‍ പാടില്ലെന്ന് ലോഹി മഞ്ജുവിന് പറഞ്ഞു കൊടുത്തു. അത്രയും ഡെഡിക്കേറ്റഡ് ആയിരുന്നു മഞ്ജു. ഈ സിനിമ വിജയിച്ചാല്‍ മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നായികയായി മഞ്ജു മാറുമെന്ന് ലോഹി പറഞ്ഞു,’ സുന്ദര്‍ദാസ് പറയുന്നു.