സുന്ദര്‍ ദാസിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമായിരുന്നു കുബേരന്‍. സംയുക്ത വര്‍മ, ദിലീപ്, കലാഭവന്‍ മണി, ഉമ ശങ്കരി, ഹരിശ്രീ അശോകന്‍, കീര്‍ത്തി സുരേഷ്, ഇന്ദ്രന്‍സ്, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ഈ സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നത്.
ഉമ ശങ്കരി അഭിനയിച്ച ആദ്യത്തെ മലയാള ചിത്രം കൂടിയായിരുന്നു കുബേരന്‍. രേവതി കലാമന്ദിറിന്റെ ബാനറില്‍ നടി മേനക നിര്‍മിച്ച ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചത് വി.സി. അശോക് ആയിരുന്നു.
സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു കലാഭവന്‍ മണിയുടേത്. എന്നാല്‍ ആ കഥാപാത്രമായി ആദ്യം ഉദേശിച്ചിരുന്നത് സലിംകുമാറിനെ ആയിരുന്നു. പിന്നീട് മണിയിലേക്ക് എത്തുകയായിരുന്നു. ആര്‍.ജെ ഗദ്ദാഫിക്ക് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ സുന്ദര്‍ ദാസ്.
‘എന്റെ ഒട്ടുമിക്ക സിനിമകളിലും കലാഭവന്‍ മണി അഭിനയിച്ചിട്ടുണ്ട്. നമ്മള്‍ ഓരോ സിനിമ തുടങ്ങുമ്പോഴും മണിയെ പറ്റി ആലോചിക്കുന്നത് കാരണമായിരുന്നു അവന്‍ എല്ലാ സിനിമയിലും വന്നത്.
മണി സത്യത്തില്‍ തെലുങ്കിലും തമിഴിലുമൊക്കെ വളരെ ബിസിയായി നില്‍ക്കുന്ന സമയത്ത് ഒരു പ്രത്യേക ഘട്ടത്തിലാണ് കുബേരന്‍ എന്ന സിനിമയിലേക്ക് എത്തുന്നത്. ആ റോളിലേക്ക് ആദ്യം സലിംകുമാറിനെയാണ് കാസ്റ്റ് ചെയ്തിരുന്നത്.
പക്ഷെ സലിംകുമാറിന് അപ്പോള്‍ ഒരുപാട് സിനിമകള്‍ ചെയ്യാനുണ്ടായിരുന്നു. കുബേരന്റെ ഷൂട്ടിങ് ഊട്ടിയിലായിരുന്നു. ബാക്കി സിനിമകളുടെ ഇടയില്‍ അത്രയും ദൂരം വന്നിട്ട് കുബേരനില്‍ അഭിനയിച്ച് തിരിച്ച് പോകാനൊന്നും സലിംകുമാറിന് സാധിക്കില്ലായിരുന്നു.
എറണാകുളമോ തൃശ്ശൂരോ ആയിരുന്നെങ്കില്‍ കാറില്‍ പോയി വരാമല്ലോ. ഷൂട്ടിങ്ങ് തുടങ്ങാന്‍ ഒന്നര ആഴ്ച ഉള്ളപ്പോഴാണ് സലിംകുമാറിന് പകരം മറ്റൊരാളെ കൊണ്ടുവരേണ്ടി വരുമെന്ന അവസ്ഥയില്‍ എത്തുന്നത്.
മണി ആ സിനിമയില്‍ ആദ്യം ഉണ്ടായിരുന്നില്ല. ഇപ്പോഴും പഴയ ചാര്‍ട്ടില്‍ സലിംകുമാറിന്റെ പേരാണുള്ളത്. അന്ന് മണിയോട് ഞാന്‍ ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന് പറയുകയായിരുന്നു. സലിംകുമാറിനെയാണ് ആദ്യം കാസ്റ്റ് ചെയ്തിരുന്നതെന്നും പറഞ്ഞു.
‘സാറേ എന്നാണ് വരേണ്ടത്’ എന്നായിരുന്നു മണി ആദ്യം എന്നോട് ചോദിച്ചത്. ഒന്നര ആഴ്ച കഴിഞ്ഞാല്‍ ഷൂട്ടിങ് തുടങ്ങുമെന്നും ഏതൊക്കെ ഡേറ്റാണ് വേണ്ടതെന്നും ഞാന്‍ അവനോട് പറഞ്ഞു.
‘എനിക്ക് ജീവനുണ്ടെങ്കില്‍ ഞാന്‍ അവിടെ എത്തിയിരിക്കും’ എന്നായിരുന്നു മണിയുടെ മറുപടി. അപ്പോള്‍ തമിഴ് – തെലുങ്ക് സിനിമകളുടെ കാര്യം എങ്ങനെയാണ് എന്ന ചോദ്യത്തിന് ‘അതൊന്നും കുഴപ്പമില്ല’ എന്നാണ് മണി പറഞ്ഞത്. വാക്ക് തന്നത് പോലെ തന്നെ അവന്‍ കൃത്യമായി ലൊക്കേഷനില്‍ എത്തുകയും ചെയ്തു,’ സുന്ദര്‍ ദാസ് പറയുന്നു.
Content Highlight: Sundar Das Talks About Kalabhavan Mani’s Character In Kuberan Movie