തന്റെ കഥാപാത്രങ്ങളിലൂടെയും നാടന്‍പാട്ടുകളിലൂടെയും മലയാളികള്‍ക്കിടയില്‍ ജീവിക്കുന്ന നടനാണ് കലാഭവന്‍ മണി. മലയാളത്തിലേയും തമിഴിലേയും പ്രധാന അഭിനേതാക്കളോടൊപ്പമെല്ലാം കലാഭവന്‍ മണി അഭിനയിച്ചിട്ടുണ്ട്. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ കലാഭവന്‍ മണി സിനിമ പ്രവര്‍ത്തകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ഒരുപോലെ പ്രിയങ്കരനാണ്.
കലാഭവന്‍ മണി എന്ന നടന്‍ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു സല്ലാപം. ചിത്രത്തിലെ ചെത്തുകാരന്റെ വേഷം അനായാസമായാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇപ്പോള്‍ കലാഭവന്‍ മണിയെ ആദ്യമായി കണ്ടതിനെ കുറിച്ചും അദ്ദേഹത്തെ സല്ലാപത്തിലേക്ക് വിളിച്ചതിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ സുന്ദര്‍ ദാസ്.
ഒരു സ്‌കൂളില്‍ മിമിക്രി ചെയ്യവെയാണ് കലാഭവന്‍ മണിയെ കണ്ടതെന്നും പിന്നീട് സല്ലാപത്തിലേക്ക് മണിയെ വിളിച്ചാലോയെന്ന് ലോഹിതദാസാണ് ചോദിച്ചതെന്നും സുന്ദര്‍ ദാസ് പറയുന്നു. ആര്‍.ജെ ഗദ്ദാഫിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ഒരു സ്‌കൂളില്‍ പോയപ്പോള്‍ അവിടെയുണ്ട് മണി എന്നുപറയുന്ന ഒരു കലാകാരന്‍ മിമിക്രി ചെയ്യുന്നു. ഇയാള്‍ സൗണ്ടില്‍ അല്ല ചെയ്തത്, ബോഡി ലാങ്‌ഗ്വേജില്‍ ആയിരുന്നു. ആന പിന്‍ഭാഗം ചൊറിയുന്നത്, ദിനോസര്‍, ഒട്ടകം, കുരങ്ങന്‍ എന്നിങ്ങനെ ഒക്കെ ചെയ്തു. അങ്ങനെ അത് കഴിഞ്ഞു.
പുള്ളി പോവുകയും ചെയ്തു. പിന്നീട് സല്ലാപത്തിലേക്ക് വരുമ്പോള്‍ കലാഭവന്‍ മണിയെ പിടിച്ചാലോ എന്നാണ് ലോഹി ചോദിച്ചത്. മണിയോട് ഇതാണ് കഥാപാത്രം എന്ന് പറഞ്ഞുകൊടുത്തു. ചെത്തുകാരന്റെ വേഷമാണെന്ന് പറഞ്ഞു. പുള്ളിയോട് നടന്നുവരാന്‍ പറഞ്ഞു. തിരിഞ്ഞു നടന്നുകാണിക്കാന്‍ പറഞ്ഞു. അവന്‍ ചെയ്തപ്പോള്‍ ചെത്തുകാര്‍ ചെയ്യുന്നതുപോലെ അത് കിറുകൃത്യമായിരുന്നു. നിന്നെ ഫിക്സ് ചെയ്തെന്ന് ഞാന്‍ പറഞ്ഞു. അതിലെ പാട്ടുപാടുന്ന രീതിയൊക്കെ സ്‌ക്രിപ്റ്റില്‍ ഉള്ളതാണ്. പുള്ളി പിന്നെ തെങ്ങുകയറുന്നത് ഒക്കെ പഠിച്ചെടുത്തു,’ സുന്ദര്‍ ദാസ് പറയുന്നു.