'നമ്മള്‍ ഒരു നല്ല കാര്യം ചെയ്തു, ഇതുകൊണ്ട് നല്ലതുമാത്രമേ നടക്കു' എന്ന് ആ സിനിമക്ക് ശേഷം കമല്‍ പറഞ്ഞു; അത് സത്യമായി: സുന്ദര്‍. സി
Entertainment
'നമ്മള്‍ ഒരു നല്ല കാര്യം ചെയ്തു, ഇതുകൊണ്ട് നല്ലതുമാത്രമേ നടക്കു' എന്ന് ആ സിനിമക്ക് ശേഷം കമല്‍ പറഞ്ഞു; അത് സത്യമായി: സുന്ദര്‍. സി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th May 2025, 9:26 am

കമല്‍ ഹാസന്റെ തിരക്കഥയില്‍ സുന്ദര്‍. സി സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അന്‍പേ ശിവം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രം സുന്ദറിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു. കാലങ്ങള്‍ക്ക് ശേഷം സിനിമയെ പ്രേക്ഷകര്‍ അംഗീകരിച്ചു.

ഇപ്പോള്‍ അന്‍പേ ശിവം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സുന്ദര്‍ സി. അന്‍പേ ശിവം എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോള്‍ കമല്‍ തന്നോട് ‘നമ്മള്‍ ഒരു നല്ല കാര്യം ചെയ്തു. ഇതുകൊണ്ട് നമുക്ക് നല്ലതുമാത്രമേ നടക്കു’ എന്ന് പറഞ്ഞിരുന്നുവെന്ന് സുന്ദര്‍ പറയുന്നു. അന്‍പേ ശിവം എന്ന സിനിമ കാരണം തന്റെ മകള്‍ക്ക് സ്‌കൂള്‍ അഡ്മിഷന്‍ ലഭിച്ചെന്നും സിനിമ കണ്ട സ്‌കൂള്‍ പ്രിന്‍സിപ്പലാണ് തന്റെ മകള്‍ക്ക് ഒരു വലിയ മോഡല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അഡ്മിഷന്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അന്‍പേ ശിവം എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോള്‍ കമല്‍ സാര്‍ എന്നോട് പറഞ്ഞു, ‘സാര്‍ നമ്മള്‍ ഒരു നല്ല കാര്യം ചെയ്തു. ഇതുകൊണ്ട് നമുക്ക് നല്ലതുമാത്രമേ നടക്കു’ എന്ന്. അങ്ങനെ ആ സിനിമക്ക് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്റെ മകളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ വേണ്ടി ഞങ്ങള്‍ നോര്‍ത്ത് ഇന്ത്യയിലെ ഒരു സ്‌കൂളില്‍ പോയി. ജൂണില്‍ സ്‌കൂള്‍ തുറക്കും, ഞങ്ങള്‍ മേയില്‍ ആണ് അവിടെ പോയത്.

അവിടെ ചെന്നപ്പോള്‍ ഇവിടെയെല്ലാം കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ അഡ്മിഷന്‍ എടുക്കാന്‍ വരും, നിങ്ങള്‍ ഇപ്പോഴാണോ വരുന്നത്, അഡ്മിഷന്‍ കിട്ടില്ലെന്ന് പറഞ്ഞു. എന്തായാലും വന്നതുകൊണ്ട് ഞങ്ങളോട് പ്രിന്‍സിപ്പലിനെ ഒന്ന് കണ്ടോളു എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ പ്രിന്‍സിപ്പലിനെ കാണാന്‍ വേണ്ടി പോയി. അവിടെയെത്തി മാമിനോട് കുറച്ചുനേരം സംസാരിച്ചു.

ഞങ്ങള്‍ സെലിബ്രിറ്റികള്‍ ആണെന്ന് അറിഞ്ഞപ്പോള്‍ സിനിമയെ കുറിച്ചായി സംസാരം. ‘കഴിഞ്ഞ ദിവസം ഒരു തമിഴ് സിനിമ കണ്ടു, അന്‍പേ ശിവം എന്നാണ് അതിന്റെ പേര്. എന്തൊരു സിനിമയാണ്’ എന്നവര്‍ പറഞന്ന്. അപ്പോള്‍ എന്റെ ഭാര്യ പറഞ്ഞു അതിന്റെ സംവിധായകനാണ് ഞാനെന്ന്. ‘അന്‍പേ ശിവം എന്ന സിനിമയുടെ സംവിധായകന്റെ മകള്‍ക്ക് സീറ്റ് കൊടുത്തില്ലെങ്കില്‍ അത് വളരെ മോശമാകും’ എന്നുപറഞ്ഞ് അവിടെ എന്റെ മകള്‍ക്ക് അഡ്മിഷന്‍ എടുക്കനുള്ള ഏര്‍പ്പാടുകള്‍ പ്രിസിപ്പല്‍ ചെയ്തുതന്നു,’ സുന്ദര്‍. സി പറയുന്നു.

Content Highlight: Sundar C Talks About Anbe Sivam Movie