നസ്രിയയുടെ അമ്മയായി അഭിനയിക്കാന്‍ അയാള്‍ എന്നെ വിളിച്ചു; എനിക്കത് വഴങ്ങുമെന്ന് തോന്നുന്നില്ല: സുജാത മോഹന്‍
Entertainment
നസ്രിയയുടെ അമ്മയായി അഭിനയിക്കാന്‍ അയാള്‍ എന്നെ വിളിച്ചു; എനിക്കത് വഴങ്ങുമെന്ന് തോന്നുന്നില്ല: സുജാത മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd April 2025, 8:40 pm

സംഗീതപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. 1975ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് സുജാത തന്റെ സാന്നിധ്യമറിയിച്ചത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 2000ത്തിലധികം പാട്ടുകള്‍ സുജാത പാടിയിട്ടുണ്ട്. കേരള, തമിഴ്നാട് സംസ്ഥാന അവാര്‍ഡുകളും സുജാതയെ തേടിയെത്തിയിട്ടുണ്ട്.

ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നിട്ടില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സുജാത മോഹന്‍. തനിക്ക് അഭിനയം വഴങ്ങുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ സുജാത ജൂഡ് ആന്തണി തന്നെ ഓം ശാന്തി ഓശാനയിലേക്ക് വിളിച്ചിരുന്നു എന്നാണ് പറയുന്നത്.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായിക. സിനിമയില്‍ നസ്രിയയുടെ അമ്മയാകാന്‍ വേണ്ടിയാണ് വിളിച്ചതെന്നും സുജാത പറഞ്ഞു. ഈയിടെ ജൂഡ് ‘ചേച്ചിയെ ഉറപ്പായും ഞാന്‍ അഭിനയിപ്പിക്കും’ എന്ന് പറഞ്ഞിരുന്നുവെന്നും സുജാത മോഹന്‍ കൂട്ടിച്ചേര്‍ത്തു.

‘സിനിമ അന്നും ഇന്നും ആവേശമാണ്, സിനിമ കാണാന്‍. പണ്ട് കസിന്‍സെല്ലാം കൂടിയാണ് സിനിമയ്ക്ക് പോകുന്നത്. സിനിമ തുടങ്ങുന്നതിന് തൊട്ടുമുമ്പ് മങ്കി ക്യാപ്പും മഫ്‌ലറുമൊക്കെ ചുറ്റും.

എ.സിയുടെ തണുപ്പ് കൊണ്ടാല്‍ തൊണ്ട പ്രശ്നമാകുമല്ലോ. ഞാന്‍ വലിയ ജയന്‍ ഫാനാണ്. ജയന്റെ ഫോട്ടോയൊക്കെ സൂക്ഷിച്ചു വെയ്ക്കുമായിരുന്നു. ഇതറിയാവുന്ന കസിന്‍സ് എന്നെ പറ്റിച്ചിട്ടുമുണ്ട്.

ഓജോ ബോര്‍ഡ് വെച്ചു സംസാരിച്ചപ്പോള്‍ ജയന്‍ വന്നു പറഞ്ഞത്രേ, സുജാതയുടെ വിവാഹത്തിന് വന്നിരുന്നെന്ന്. പക്ഷെ എനിക്ക് അഭിനയം വഴങ്ങുമെന്ന് തോന്നുന്നില്ല.

ജൂഡ് ആന്തണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ അമ്മയാകാന്‍ വിളിച്ചിരുന്നു. ഈയിടെയും ജൂഡ് പറഞ്ഞു ‘ചേച്ചിയെ ഉറപ്പായും ഞാന്‍ അഭിനയിപ്പിക്കും’ എന്ന്,’ സുജാത മോഹന്‍ പറയുന്നു.

Content Highlight: Sujatha Mohan Talks About Nazriya’s Ohm Shanthi Oshaana And Jude Anthany Joseph