'വലിയ ഡ്രസ്സൊക്കെ ചെയ്തു‌വന്നിട്ട് പാടി വെച്ചിരിക്കുന്നത് കണ്ടില്ലേ' എന്ന ചോദ്യം കേൾക്കേണ്ടി വരുമോയെന്ന് പേടിയുണ്ടായിരുന്നു: സുജാത മോഹൻ
Entertainment
'വലിയ ഡ്രസ്സൊക്കെ ചെയ്തു‌വന്നിട്ട് പാടി വെച്ചിരിക്കുന്നത് കണ്ടില്ലേ' എന്ന ചോദ്യം കേൾക്കേണ്ടി വരുമോയെന്ന് പേടിയുണ്ടായിരുന്നു: സുജാത മോഹൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th June 2025, 7:57 am

പന്ത്രണ്ട് വയസുമുതൽ മലയാള സിനിമക്ക് വേണ്ടി പാടിത്തുടങ്ങിയ പാട്ടുകാരിയാണ് സുജാത. ഒമ്പത് വയസുമുതൽ യേശുദാസിനൊപ്പം ഗാ‍നമേളകളിലും പാടിയിട്ടുണ്ട്. 1978ൽ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് വേണ്ടി പിന്നണി പാടിയാണ് സുജാത ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നുവന്നത്.

പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും പാടി സുജാത തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ചചലച്ചിത്ര പിന്നണിഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെ തവണ സുജാത സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ സംഗീതത്തിൻ്റെ ആദ്യ കാലങ്ങളിൽ താൻ അധികം സംസാരിക്കാറില്ലായിരുന്നെന്ന് പറയുകയാണ് സുജാത.

ആദ്യകാലങ്ങളിലൊന്നും താൻ അധികം സംസാരിക്കില്ലെന്നും കൂട്ടിലിട്ട് വളർത്തുന്നതുപോലെയായിരുന്നെന്നും സുജാത പറയുന്നു. അച്ഛനില്ലാതെ വളരുന്ന പെൺകുട്ടി എന്ന നിയന്ത്രണങ്ങൾ കടുത്തതായിരുന്നെന്നും എല്ലാവരോടും പേടിയും സംസാരിക്കാൻ ഭയവും ആയിരുന്നെന്നും ഗായിക പറഞ്ഞു.

ഗാനമേളക്ക് പോകുമ്പോൾ ഏറ്റവും സിംപിളായ വസ്ത്രങ്ങളാണ് ഇടുന്നതെന്നും പാട്ട് മോശമായാൽ വസ്ത്രത്തിനേയും ചേർത്ത് കുറ്റം പറയുമോ എന്ന പേടിയായിരുന്നു അതിന് കാരണമെന്നും അവർ പറഞ്ഞു. എന്നാൽ കല്ല്യാണം കഴിഞ്ഞതോടെ ആ പേടി മാറിയെന്നും അവർ കൂട്ടിച്ചേർത്തു.

‘ആദ്യകാലങ്ങളിലൊന്നും ഞാൻ വലിയ സംസാരക്കാരിയല്ല. കൂട്ടിലിട്ട് വളർത്തുന്നു എന്നു കേട്ടിട്ടില്ലേ. അതായിരുന്നു സത്യത്തിൽ. അച്ഛനില്ലാതെ വളരുന്ന പെൺകുട്ടി എന്ന നിയന്ത്രണങ്ങളൊക്കെ കടുത്തതായിരുന്നു.

എല്ലാവരോടും പേടിയും സംസാരിക്കാൻ ഭയവുമായിരുന്നു. ഗാനമേളയ്ക്കൊക്കെ പോകുമ്പോൾ ഏറ്റവും സിംപിളായ ഡ്രസ്സാണ് ഇടുക. പാട്ടെങ്ങാനും മോശമായാൽ, ‘ഹോ വലിയ ഡ്രസ്സൊക്കെ ചെയ്തു‌ വന്നിട്ടു പാടി വച്ചിരിക്കുന്നത് കണ്ടില്ലേ’ എന്ന ചോദ്യം കേൾക്കുമോ എന്നായിരുന്നു പേടി.

കല്ല്യാണം കഴിഞ്ഞതോടെ ആ പേടി മാറി. മോഹന്റെ സാന്നിധ്യവും കൂട്ടും എൻ്റെ ജീവിതം തന്നെ മാറ്റി,’ സുജാത മോഹൻ പറയുന്നു.

Content Highlight: Sujatha Mohan Talking about her Music Career