പന്ത്രണ്ട് വയസുമുതൽ മലയാള സിനിമക്ക് വേണ്ടി പാടിത്തുടങ്ങിയ പാട്ടുകാരിയാണ് സുജാത. ഒമ്പത് വയസുമുതൽ യേശുദാസിനൊപ്പം ഗാനമേളകളിലും പാടിയിട്ടുണ്ട്. 1978ൽ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് വേണ്ടി പിന്നണി പാടിയാണ് സുജാത ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നുവന്നത്.
പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും പാടി സുജാത തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ചചലച്ചിത്ര പിന്നണിഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെ തവണ സുജാത സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ച് സംസാരിക്കുകയാണ് സുജാത മോഹൻ.
ഗിരീഷ് പുത്തഞ്ചേരി നന്നായിട്ട് പാടുമായിരുന്നുവെന്നും രസികനായിരുന്നെന്നും സുജാത പറയുന്നു. കോഴിക്കോടൻ ഭാഷയിൽ അദ്ദേഹം സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണെന്നും മനസിലുള്ളത് എല്ലാം അതുപോലെ തന്നെ തുറന്ന് പറയുമെന്നും ഗായിക പറയുന്നു.
ആരെയും സുഖിപ്പിക്കലോ ദുഃഖിപ്പിക്കലോ ഒന്നുമില്ലെന്നും നമ്മൾ തമ്മിൽ എന്ന സിനിമയിൽ താൻ പാടിയ പാട്ട് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായിരുന്നെന്നും അവർ പറഞ്ഞു.
ഒരു അവാർഡ് പരിപാടിക്കിടെ തന്നെ അദ്ദേഹം അഭിനന്ദിച്ചെന്നും അപ്പോൾ തനിക്ക് ഒരുപാട് സന്തോഷം തോന്നിയെന്നും സുജാത മോഹൻ കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു സുജാത മോഹൻ.
‘ഗിരീഷേട്ടൻ നന്നായിട്ട് പാടുമായിരുന്നു. രസികനുമായിരുന്നു. നല്ല കോഴിക്കോടൻ ഭാഷയിൽ സംസാരിക്കുന്നത് കേട്ടിരിക്കാൻ രസമാണ്. മനസിലുള്ളത് അതുപോലെ തുറന്നുപറയും. ആരെയും സുഖിപ്പിക്കലോ ദുഃഖിപ്പിക്കലോ ഒന്നുമില്ല. വലിയ ഇഷ്ടമായിരുന്നു എന്നെ. നമ്മൾ തമ്മിൽ എന്ന സിനിമയിൽ ഞാൻ പാടിയ ‘പ്രിയനേ ഉറങ്ങിയില്ലേ’ എന്ന പാട്ട് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായിരുന്നു.
ഒരിക്കൽ ഒരു അവാർഡ് പരിപാടിക്കിടെ കണ്ടപ്പോൾ പറഞ്ഞു, ‘നീ എന്താണ് പാടിവെച്ചിരിക്കുന്നത്…ഒരു രക്ഷയുമില്ല’ എന്ന്. പൊതുവേ അഭിനന്ദനമൊന്നും അറിയിക്കാത്തൊരാളാണ് അദ്ദേഹം. പക്ഷേ, അന്നത് പറഞ്ഞുകേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി,’ സുജാത മോഹൻ പറയുന്നു.
Content Highlight: Sujatha Mohan Talking about Gireesh Puthenchery and his song