അന്ന് ആ മമ്മൂട്ടി ചിത്രത്തിലെ അഭിനയത്തിന് എനിക്ക് അവാര്‍ഡ് കിട്ടുമെന്ന് പലരും പറഞ്ഞു: സുധീഷ്
Entertainment
അന്ന് ആ മമ്മൂട്ടി ചിത്രത്തിലെ അഭിനയത്തിന് എനിക്ക് അവാര്‍ഡ് കിട്ടുമെന്ന് പലരും പറഞ്ഞു: സുധീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th February 2025, 11:35 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുധീഷ്. സിനിമയില്‍ കാലങ്ങളായി നിറഞ്ഞ് നില്‍ക്കുന്ന നടന്‍ ബാലതാരമായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അനന്തരമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.

പിന്നീട് ഒരുപാട് മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ സുധീഷിന് സാധിച്ചു. എന്നാല്‍ 2020ലാണ് ആദ്യമായി അദ്ദേഹത്തിന് ഒരു സ്റ്റേറ്റ് അവാര്‍ഡ് ലഭിക്കുന്നത്. മികച്ച സ്വഭാവ നടനുള്ള അവാര്‍ഡായിരുന്നു ലഭിച്ചത്. സിനിമയില്‍ എത്തി 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അവാര്‍ഡ് സുധീഷ് സ്വന്തമാക്കുന്നത്.

എന്നാല്‍ ആദ്യ ചിത്രമായ അനന്തരത്തില്‍ അഭിനയിച്ചപ്പോള്‍ മികച്ച ബാലനടനുള്ള അംഗീകാരം ലഭിക്കുമെന്ന് പലരും പറഞ്ഞിരുവെന്ന് പറയുകയാണ് സുധീഷ്. 1992ല്‍ ലോഹിതദാസിന്റെ തിരക്കഥയില്‍ എത്തിയ ആധാരം എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴും അവാര്‍ഡ് ഉറപ്പാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞുവെന്നും എന്നാല്‍ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘മലയാള സിനിമയില്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കേണ്ടി വന്നത് 35 വര്‍ഷമാണ്. അതൊക്കെ ഒരുതരം നിയോഗമായിരിക്കാം. അംഗീകാരം ലഭിക്കുന്നത് എല്ലാപ്പോഴും സന്തോഷമുള്ള കാര്യമല്ലേ.

ആദ്യ ചിത്രമായ അടൂരിന്റെ അനന്തരത്തില്‍ അഭിനയിച്ചപ്പോള്‍ മികച്ച ബാലനടനുള്ള അംഗീകാരം ലഭിക്കുമെന്ന് പലരും പറഞ്ഞിരുന്നു. ആധാരത്തില്‍ അഭിനയിച്ചപ്പോഴും സുധീഷിന് അവാര്‍ഡ് ഉറപ്പാണെന്ന് സുഹൃത്തുക്കള്‍ സൂചിപ്പിച്ചു. പക്ഷേ ഒന്നും കിട്ടിയില്ല.

പക്ഷേ അവാര്‍ഡിനേക്കാള്‍ സിനിമാഭിനയം ജീവിതമാര്‍ഗമായി ഞാന്‍ സ്വീകരിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ 35 വര്‍ഷമായി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഞാന്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തു. ആദ്യമായി ഒരു അവാര്‍ഡ് ലഭിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായി,’ സുധീഷ് പറഞ്ഞു.

Content Highlight: Sudheesh Talks About State Award And His Movies