അന്ന് ആ പൃഥ്വിരാജ് ചിത്രത്തിലെ എന്റെ ശബ്ദം ആരും തിരിച്ചറിഞ്ഞില്ല; സോഷ്യല്‍ മീഡിയ വന്നതോടെ എല്ലാവരും അറിഞ്ഞു: സുധീഷ്
Entertainment
അന്ന് ആ പൃഥ്വിരാജ് ചിത്രത്തിലെ എന്റെ ശബ്ദം ആരും തിരിച്ചറിഞ്ഞില്ല; സോഷ്യല്‍ മീഡിയ വന്നതോടെ എല്ലാവരും അറിഞ്ഞു: സുധീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st July 2025, 12:59 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുധീഷ്. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അനന്തരം ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നീട് ഒരുപാട് മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ സുധീഷിന് സാധിച്ചു.

2002ല്‍ രഞ്ജിത്ത് രചനയും സഹനിര്‍മാണവും സംവിധാനവും നിര്‍വഹിച്ച നന്ദനം എന്ന സിനിമയിലും സുധീഷ് അഭിനയിച്ചിരുന്നു. നവ്യ നായര്‍ – പൃഥ്വിരാജ് സുകുമാരന്‍ താരജോഡിയില്‍ എത്തിയ ചിത്രത്തില്‍ ഒരു കാമിയോ വേഷത്തിലാണ് നടന്‍ അഭിനയിച്ചത്.

അതേസമയം സിനിമയില്‍ നടന്‍ അരവിന്ദ് ആകാശിന് വേണ്ടി ശബ്ദം നല്‍കിയത് സുധീഷായിരുന്നു. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നന്ദനം സിനിമയില്‍ ഡബ്ബ് ചെയ്യാന്‍ എത്തിയത് എങ്ങനെയെന്ന് പറയുകയാണ് സുധീഷ്.

നന്ദനം സിനിമയില്‍ ഡബ്ബ് ചെയ്യേണ്ടി വരുമെന്ന് ആരും എന്നോട് പറഞ്ഞിരുന്നില്ല. ആ സിനിമയുടെ അവസാനം എനിക്ക് അഭിനയിക്കാനും ഉണ്ടായിരുന്നു. സത്യത്തില്‍ എന്നെ അഭിനയിക്കാന്‍ വേണ്ടിയാണ് അതിലേക്ക് വിളിച്ചത്.

ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായി അവസാനം വരുന്നത് മാത്രമായിരുന്നു എനിക്ക് ചെയ്യാനുള്ളത്. അത് ഒരു ഗസ്റ്റ് റോള്‍ പോലെയുള്ള വേഷം മാത്രമായിരുന്നു. അങ്ങനെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ ശേഷം ഞാന്‍ തിരുവനന്തപുരത്ത് അതിന്റെ ഡബ്ബിങ്ങിന് വേണ്ടി പോയതായിരുന്നു.

പക്ഷെ എന്റെ ഡബ്ബിങ് കഴിഞ്ഞിട്ടും എന്നെ അവര്‍ അവിടുന്ന് വിട്ടില്ല. കാരണം അവിടെ എന്തൊക്കെയോ ഡിസ്‌ക്കഷന്‍ നടക്കുകയായിരുന്നു. രഞ്ജിയേട്ടനും അസോസിയേറ്റും തമ്മില്‍ ആരെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കാമെന്ന ഡിസ്‌ക്കഷന്‍ നടത്തി.

ആ സമയത്ത് രഞ്ജിയേട്ടന്‍ അവിടെ ഉണ്ടായിരുന്നില്ല. അവര്‍ ഫോണിലായിരുന്നു ഈ ഡിസ്‌ക്കഷന്‍ നടത്തിയത്. ഒരു സീനില്‍ കൃഷ്ണന്റെ ശബ്ദം സുധീഷിനെ കൊണ്ട് ചെയ്യിച്ചു നോക്കാമെന്ന് അവര് തീരുമാനിച്ചു.

ഒരു സീന്‍ ചെയ്തതും അവര്‍ക്ക് ഞാന്‍ ഓക്കെയായി. പിന്നെ എന്നെ കൊണ്ട് തന്നെ കൃഷ്ണന് വേണ്ടി ഡബ്ബ് ചെയ്യിച്ചു. എനിക്ക് അത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. വേറെ ഒരാള്‍ക്ക് വേണ്ടി ശബ്ദം നല്‍കുമ്പോള്‍ നമുക്ക് മോഡുലേഷനൊക്കെ വേറൊരു രീതിയില്‍ ധൈര്യമായി തന്നെ കൊടുക്കാമല്ലോ.

അന്ന് നന്ദനം ഇറങ്ങിയ സമയത്ത് ഞാനാണ് കൃഷ്ണന് ഡബ്ബ് ചെയ്തതെന്ന് ആര്‍ക്കും മനസിലായിരുന്നില്ല. ഇപ്പോഴാണ് കൂടുതല്‍ ആളുകള്‍ തിരിച്ചറിയുന്നത്. സോഷ്യല്‍ മീഡിയയൊക്കെ കൂടുതലായിട്ട് ഉള്ളത് കൊണ്ടാകും അത്,’ സുധീഷ് പറയുന്നു.


Content Highlight: Sudheesh Talks About Nandanam Movie