മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുധീഷ്. സിനിമയില്‍ കാലങ്ങളായി നിറഞ്ഞ് നില്‍ക്കുന്ന നടന്‍ ബാലതാരമായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അനന്തരം ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.
പിന്നീട് ഒരുപാട് മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ സുധീഷിന് സാധിച്ചു. ഇപ്പോള്‍ താന്‍ ജീവിതത്തില്‍ തിയേറ്ററിന്റെ മതില് ചാടി കടന്ന് ടിക്കറ്റ് എടുത്ത് കണ്ട സിനിമയെ കുറിച്ച് പറയുകയാണ് നടന്‍.
ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയുടെ റിലീസിന്റെ ആദ്യ ദിവസം ടിക്കറ്റ് എടുത്തതിനെ കുറിച്ചാണ് സുധീഷ് പറയുന്നത്. അന്ന് താന്‍ ഒരു സിനിമാ നടന്‍ ആയിരുന്നുവെന്നും സിദ്ദീഖ് – ലാല്‍ എന്ന പേരാണ് അങ്ങനെ ടിക്കറ്റ് എടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു സുധീഷ്.
‘നമ്മള്‍ മലയാളികള്‍ എല്ലാവരും ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയുടെ വലിയ ആരാധകരാണ്. ഞാന്‍ ജീവിതത്തില്‍ മതില് ചാടിയിട്ട് ഫസ്റ്റ് ഡേ തന്നെ ടിക്കറ്റെടുത്ത് കണ്ട ഒരൊറ്റ സിനിമയേയുള്ളൂ. അത് ഇന്‍ ഹരിഹര്‍ നഗര്‍ ആണ്.
കോഴിക്കോട് ബ്ലൂ ഡയമണ്ട് തിയേറ്ററിന്റെ മതില് ചാടിയിട്ടാണ് ഞാന്‍ അന്ന് ടിക്കറ്റ് എടുത്തത്. അന്ന് ഞാന്‍ ദേവഗിരി കോളേജില്‍ പഠിക്കുകയായിരുന്നു. അതേസമയം ഞാനൊരു സിനിമാ നടനും ആയിരുന്നു.
സിനിമാ നടന്‍ ആയിരിക്കേയാണ് മതില് ചാടി ടിക്കറ്റ് എടുക്കുന്നത്. അനന്തരം, മുദ്ര എന്നീ സിനിമകളൊക്കെ അഭിനയിച്ചതിന് ശേഷമാണ് ഈ സംഭവം. അന്ന് ആ സിനിമ അങ്ങനെ പോയി കാണാന്‍ കാരണം റാംജി റാവു സ്പീക്കിങ് ആയിരുന്നു.
സിദ്ദിഖ് – ലാല്‍ എന്ന പേരാണ് അതിന് കാരണമായത്. അവരുടെ പേരുള്ളത് കാരണമായിരുന്നു ഞാനൊക്കെ ഇന്‍ ഹരിഹര്‍ നഗര്‍ കാണാന്‍ പോയത്. അത്രയ്ക്ക് മികച്ച സിനിമയായിരുന്നു റാംജി റാവു സ്പീക്കിങ്,’ സുധീഷ് പറയുന്നു.
Content Highlight: Sudheesh Talks About In Harihar Nagar Movie