അശോകേട്ടനെയും ജഗദീഷേട്ടനെയും തമ്മില്‍ അടിപ്പിക്കുന്നതാണ് ആ നടന് പണി; അവസാനം കുത്തിതിരുപ്പന്‍ എന്ന് പേരിട്ടു: സുധീഷ്
Entertainment
അശോകേട്ടനെയും ജഗദീഷേട്ടനെയും തമ്മില്‍ അടിപ്പിക്കുന്നതാണ് ആ നടന് പണി; അവസാനം കുത്തിതിരുപ്പന്‍ എന്ന് പേരിട്ടു: സുധീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 11:23 am

ഭീഷ്മപര്‍വം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ധീരന്‍. രാജേഷ് മാധവന്‍ നായകനാകുന്ന ധീരനില്‍ ജഗദീഷ്, മനോജ് കെ ജയന്‍, ശബരീഷ് വര്‍മ, അശോകന്‍, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ജൂലൈ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂസ് എല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ധീരന്‍ സിനിമയിലെ ലൊക്കേഷനില്‍ വെച്ചുള്ള രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്മാരായ സുധീഷ്, അശോകന്‍, ജഗദീഷ് തുടങ്ങിയവര്‍. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മൂവരും.

‘ഷൂട്ടിങ് ഇല്ലാത്ത സമയത്ത് മനോജേട്ടന് വലിയൊരു ഡ്യൂട്ടി ഉണ്ടായിരുന്നു. എന്താണെന്ന് വെച്ചുകഴിഞ്ഞാല്‍, അശോകേട്ടനെയും ജഗദീഷേട്ടനെയും തമ്മില്‍ അടിപ്പിക്കുക. അതിന് വേണ്ടി എരിയുന്ന തീയില്‍ ഒഴിക്കാന്‍ കുറച്ച് എണ്ണ വാങ്ങി വെച്ചിട്ടും ഉണ്ട് (ചിരി),’ സുധീഷ് പറയുന്നു.

‘ഞാന്‍ ഒരിക്കല്‍ മനോജിനെ കാണാന്‍ പോയി. അവന്‍ കാരവനില്‍ ഇരിക്കുകയായിരുന്നു. നോക്കുമ്പോള്‍ അവന്റെ കയ്യില്‍ ഒരു പേപ്പറുണ്ട്. അതില്‍ ജഗദീഷ്, അശോകന്‍ എന്നീ രണ്ട് കോളം. ഇന്ന് അവരെ എന്ത് ചോദിച്ച് തെറ്റിക്കാം എന്നാണ് എഴുതിയിരിക്കുന്നത്,’ അശോകന്‍ പറയുന്നു.

‘ഞങ്ങള്‍ എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒന്നും രണ്ടും പറഞ്ഞിരിരിക്കുമ്പോള്‍ അശോകന് ഹേര്‍ട്ട് ആകും. അവസാനം അവന്‍ വേണ്ട, നിര്‍ത്തിക്കോ അത് അത്ര രസല്ല, കോമഡിയല്ല എന്ന് പറയും. അത് കേള്‍ക്കാന്‍ വേണ്ടിയാണ് അവന്‍ (മനോജ്) അത്രയും നേരം എരിതീയില്‍ എണ്ണയും ഒഴിച്ച് ഇരിക്കുന്നത്.

ഈ സ്ഥലത്ത് വിനീത് ആണെങ്കില്‍ ‘എന്താ ജഗദീഷേട്ടാ..ഒന്ന് വിട്ടു കൊടുത്തൂടെ, നമ്മുടെ അശോകേട്ടനല്ലേ, ഒരു സോറി പറഞ്ഞേക്ക്. ഇങ്ങനെ മിണ്ടാതിരിക്കല്ലേ’ എന്നായിരിക്കും പറയുക. എന്നാല്‍ അതേ സ്ഥാനത്ത് മനോജ് ആണെങ്കില്‍ എന്റെ അടുത്ത് വന്നിട്ട് ‘വിട്ടുകൊടുക്കരുത്, അശോകേട്ടന്‍ പറഞ്ഞത് തെറ്റായി’ എന്ന് എന്നോടും അതേ നേരത്ത് അശോകന്റെ അടുത്ത് പോയി ‘എന്നാലും ജഗദീഷേട്ടന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു’ എന്നും പറയും. അതുകൊണ്ടു നമ്മള്‍ ഒരു പേരിട്ടുണ്ട്, കുത്തിതിരുപ്പന്‍ (ചിരി),’ ജഗദീഷ് പറയുന്നു.

Content Highlight: Sudheesh, Ashokan And jagadish Talks About Manoj K Jayan