ന്യൂയോർക്ക്: യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുഡാൻ മാനുഷിക സഹായ പ്രതിസന്ധി നേരിടുന്നുവെന്ന മുന്നറിയിപ്പുമായി ഡബ്ള്യൂ.എഫ്.പി (വേൾഡ് ഫുഡ് പ്രോഗ്രാം).
രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണി കിടക്കുന്നുണ്ടെന്നും അവർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നിഷേധിക്കപ്പെടുന്നുണ്ടെന്നും
ഡബ്ള്യൂ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തുടനീളമുള്ള അഞ്ച് ദശലക്ഷം ആളുകൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നുണ്ടെന്നും സഹായങ്ങൾ നൽകുന്നുണ്ടെന്നും ഡബ്ള്യൂ.എഫ്.പി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കൗ പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
‘രാജ്യത്ത് യുദ്ധം ശക്തമാകുകയാണ്. ലോകത്തിന്റെ ശ്രദ്ധ ഇപ്പോൾ സുഡാനിലായിരിക്കണം. എൽ ഫാഷറിലെ ദുരന്തം ആവർത്തിക്കാതിരിക്കാൻ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കണം,’ അദ്ദേഹം പറഞ്ഞു.
സുഡാനിലെ കോർഡോഫാൻ കൂട്ടക്കൊലകൾ നേരിടേണ്ടി വരുമെന്നും കോർഡോഫാന് മറ്റൊരു എൽ ഫാഷർ ആകാൻ കഴിയില്ലെന്നും യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
‘എൽ ഫാഷറിലെ ഭയാനകമായ സംഭവങ്ങൾക്ക് ശേഷം കോർഡോഫാനിൽ അവ ആവർത്തിക്കുമോയെന്ന് ഭയപ്പെടുത്തുന്നു,’ വോൾക്കർ ടർക്ക് പറഞ്ഞിരുന്നു.
സുഡാനീസ് സായുധ സേനയും (എസ്.എ.എഫ്) റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർ.എസ്.എഫ്) തമ്മിലുള്ള ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനും സംഘർഷത്തിനായുള്ള ആയുധങ്ങൾ എത്തിക്കുന്നത് തടയുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.