നെഗറ്റീവ് കമന്റുകൾ വായിച്ച് ഞങ്ങൾ ചിരിക്കും; മോശം കമന്റുകളെ കുറിച്ച് സുചിത്ര മോഹൻലാൽ
Malayalam Cinema
നെഗറ്റീവ് കമന്റുകൾ വായിച്ച് ഞങ്ങൾ ചിരിക്കും; മോശം കമന്റുകളെ കുറിച്ച് സുചിത്ര മോഹൻലാൽ
അജ്മല്‍ കെ
Monday, 24th August 2026, 7:54 am

താരകുടുംബത്തിൽ നിന്ന് സിനിമയിലെത്തിയവരാണ് പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും. 2018ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’യിലൂടെയാണ് പ്രണവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈ വർഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ എന്ന ചിത്രത്തിലൂടെ വിസ്മയയും സിനിമയിലെത്തി.

ഇതിനിടെ, പ്രണവിന്റെ ആദ്യ സിനിമയുടെ സമയത്ത് ലഭിച്ച നെഗറ്റീവ് കമന്റുകളെ എങ്ങനെയാണ് നേരിട്ടതെന്ന് തുറന്നുപറയുകയാണ് അമ്മ സുചിത്ര മോഹൻലാൽ. പ്രണവിന്റെ സിനിമയെക്കുറിച്ചുള്ള കമന്റുകളിൽ ഏറ്റവും മോശമായവ പോലും താൻ വായിച്ചിരുന്നെന്നും അതുകേട്ട് പ്രണവിനൊപ്പം ചിരിക്കുകയാണ് ചെയ്തിരുന്നതെന്നും സുചിത്ര പറഞ്ഞു.

പ്രണവ് മോഹൻലാൽ.വിസ്മയ മോഹൻലാൽ.സുചിത്ര. Photo: Screengrab/ Youtube.com

‘അപ്പുവിന്റെ ആദി സിനിമ ഇറങ്ങിയപ്പോൾ ഞാൻ കമന്റുകളൊക്കെ വായിച്ചുകൊടുക്കുമായിരുന്നു. എനിക്ക് മലയാളം വായിക്കാൻ അറിയാം. വിവാഹം കഴിഞ്ഞ് വന്ന സമയത്ത് മാഗസിനുകളൊക്കെ വാങ്ങി അക്ഷരം പഠിച്ചാണ് ഞാൻ മലയാളം വായിക്കാൻ പഠിച്ചത്. അതുകൊണ്ട് കമന്റുകളൊക്കെ വായിക്കും. അതിൽ ഏറ്റവും മോശമായ കമന്റ് വായിച്ച് ഞാൻ ചിരിക്കും, അവനും ചിരിക്കും,’ സുചിത്ര പറഞ്ഞു.

നെഗറ്റീവ് കമന്റുകളെ ഗൗരവമായി എടുത്ത് മാനസികമായി തളരുന്നതിന് പകരം, അവയിൽ നിന്ന് പഠിക്കുകയാണ് വേണ്ടതെന്നും സുചിത്ര അഭിപ്രായപ്പെട്ടു. വിമർശനങ്ങളെ അടുത്ത അവസരത്തിൽ സ്വയം മെച്ചപ്പെടുത്താനുള്ള ഉപദേശമായി കാണണമെന്നും അവർ പറഞ്ഞു.

‘നെഗറ്റീവ് കമന്റുകൾ അഡ്വൈസ് ആയി എടുത്താൽ മതി. അത് അടുത്ത പ്രാവശ്യം നമ്മളെ തന്നെ മെച്ചപ്പെടുത്താൻ സഹായിക്കും. സിനിമ നന്നായി പോയാൽ നല്ലത്. പരാജയപ്പെട്ടാൽ പ്രൊഡ്യൂസർക്ക് നഷ്ടമാണ്,’ സുചിത്ര വ്യക്തമാക്കി.

പ്രണവ് മോഹൻലാൽ.വിസ്മയ മോഹൻലാൽ.സുചിത്ര. Photo: Screengrab/ Youtube.com

ഒരു സിനിമയുടെ വിജയപരാജയത്തിന് പിന്നിൽ നിരവധി പേരുടെ അധ്വാനമുണ്ടെന്നും അതുകൊണ്ടുതന്നെ സിനിമ പരാജയപ്പെടുമ്പോൾ വിഷമം തോന്നാറുണ്ടെന്നും സുചിത്ര പറഞ്ഞു. ക്യാമറയ്ക്ക് മുന്നിലുള്ള താരങ്ങൾക്കൊപ്പം തന്നെ പിന്നിൽ പ്രവർത്തിക്കുന്ന നിരവധി പേരുടെ കഷ്ടപ്പാടുകളും ഒരു സിനിമയ്ക്ക് പിന്നിലുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

‘ഒരു സിനിമയുടെ പിന്നിൽ ഒരുപാട് പേരുടെ കഷ്ടപ്പാടുണ്ട്. അതൊക്കെ ആലോചിക്കുമ്പോൾ സങ്കടം വരും. പക്ഷെ അതൊന്നും എന്നെ മെന്റലി ബാധിക്കാറില്ല,’സുചിത്ര പറഞ്ഞു.

Content Highlight: Suchitra Mohanlal opens up about negative comments

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.