മലയാളസിനിമയിലെ താരപുത്രന്മാരിലൊരാളാണ് പ്രണവ് മോഹന്‍ലാല്‍. ബാലതാരമായി സിനിമയിലേക്കെത്തിയ പ്രണവ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. 2018ല്‍ ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറാനും പ്രണവിന് സാധിച്ചു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളില്‍ പ്രണവിന്റെ പ്രകടനത്തെ പലരും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ പ്രണവ് അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സുചിത്ര മോഹന്‍ലാല്‍. മരക്കാറിന് മുമ്പുള്ള സിനിമകളെ അപേക്ഷിച്ച് പ്രണവ് നന്നായി ചെയ്ത സിനിമയാണ് അതെന്നും സെറ്റിലുള്ള എല്ലാവരെയും അറിയുന്നതുകൊണ്ടാണ് അതെന്നും സുചിത്ര പറയുന്നു.
സിനിമയില്‍ പ്രണവിന്റെ അമ്മ മരിക്കുന്ന ഒരു രംഗം തന്നെ ആലോചിച്ചിട്ടാവാം പ്രണവ് ചെയ്തതെന്നും പ്രണവിന് തന്നോടുള്ള സ്‌നേഹം ആ സീനിലൂടെ മനസിലായെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.
‘മുമ്പ് അഭിനയിച്ച സിനിമകളെ അപേക്ഷിച്ച്, മരക്കാറില്‍ അപ്പു കൂടുതല്‍ നന്നായിട്ടുണ്ട് എന്നെനിക്ക് തോന്നുന്നുണ്ട്. അതിന് പല കാരണങ്ങളുണ്ട്. പ്രധാനമായത് മരക്കാറിന്റെ ചിത്രീകരണ ചുറ്റുപാടുകള്‍ അവന് ഏറെ പരിചിതമായിരുന്നു എന്നതാണ്.
അവന്റെ അച്ഛന്‍, പ്രിയപ്പെട്ട പ്രിയനങ്കിള്‍, പ്രിയന്റെ മക്കളായ സിദ്ധാര്‍ത്ഥ് (ചന്തു), കല്യാണി, സുരേഷ് കുമാറിന്റെ മക്കളായ കീര്‍ത്തി സുരേഷ്, രേവതി സുരേഷ്, സാബു സിറിള്‍, അനി ഐ.വി.ശശി, സുരേഷ് ബാലാജി, ആന്റണി പെരുമ്പാവൂര്‍ അങ്ങിനെ ഒരുപാട്‌പേര്‍ അവന്റെ നിത്യപരിചയക്കാരാണ്. ഒരു ‘കംഫര്‍ട്ട് സോണ്‍’ അവന് ലഭിച്ചിട്ടുണ്ട് എന്ന കാര്യം തീര്‍ച്ച.
പിന്നെ പ്രിയന്‍ കുഞ്ഞുനാളിലേ അവനെ അറിയുന്നയാളാണ്. അവന് പറ്റിയ വേഷവും പറയാന്‍ സാധിക്കുന്ന സംഭാഷണങ്ങളും പ്രിയന്‍ കരുതി നല്‍കിയതാണ്. വ്യത്യസ്ത കോസ്റ്റ്യുമും കൂടിയായപ്പോള്‍ അപ്പു കൂടുതല്‍ നന്നായിരിക്കുന്നു.
സിനിമയില്‍ അവന്റെ അമ്മ മരിച്ച കാര്യം അറിയുന്ന ഒരു രംഗമുണ്ട്. അത് അവന്‍ ഏറ്റവും മനോഹരമായി ചെയ്തിരിക്കുന്നു. ഷോട്ട് എടുക്കുമ്പോള്‍ പ്രിയനും അനിയും പറഞ്ഞുവത്രേ ‘നിന്റെ അമ്മ മരിച്ചതുപോലെ ആലോചിച്ചാല്‍ മതി’ എന്ന്.
ഒരുപക്ഷേ, അവന്‍ ഉള്ളാലെ ഒന്നു തേങ്ങിയിരിക്കാം. സിനിമയില്‍ ആ സീന്‍ കണ്ടിരുന്നപ്പോള്‍, എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണ് എന്നെനിക്ക് ഒരിക്കല്‍ക്കൂടി ബോധ്യമായി. അവന്റെ ചിരിയും കണ്ണീരുമെല്ലാം എനിക്ക് വേണ്ടിക്കൂടിയുള്ളതാണല്ലോ, ഞങ്ങള്‍ക്ക് വേണ്ടിക്കൂടിയുള്ളതാണല്ലോ,’ സുചിത്ര മോഹന്‍ലാല്‍ പറയുന്നു.