ജപ്പാനില്‍ ഇംഗ്ലീഷ് ടീച്ചറാകാനായിരുന്നു അപ്പുവിന്റെ ആഗ്രഹം, ഒരു സ്ഥലത്ത് ഇരുന്നുകൊണ്ടുള്ള ജോലി അവന് പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു: സുചിത്ര മോഹന്‍ലാല്‍
Malayalam Cinema
ജപ്പാനില്‍ ഇംഗ്ലീഷ് ടീച്ചറാകാനായിരുന്നു അപ്പുവിന്റെ ആഗ്രഹം, ഒരു സ്ഥലത്ത് ഇരുന്നുകൊണ്ടുള്ള ജോലി അവന് പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു: സുചിത്ര മോഹന്‍ലാല്‍
അമര്‍നാഥ് എം.
Sunday, 23rd August 2026, 2:44 pm

സിനിമാകുടുംബത്തില്‍ നിന്ന് വരുന്നയാളാണെങ്കിലും മാധ്യമങ്ങളുടെ മുന്നില്‍ അധികം പ്രത്യക്ഷപ്പെടാത്ത നടനാണ് പ്രണവ് മോഹന്‍ലാല്‍. സിനിമ ചെയ്യുക, ഷൂട്ടിന് ശേഷം തന്റെ ഇഷ്ടവിനോദങ്ങളിലേക്ക് കടക്കുക എന്ന രീതിയാണ് പ്രണവിന്റേത്. സിനിമക്കൊപ്പം യാത്രകളെയും സംഗീതത്തെയും പ്രണയിക്കുന്ന പ്രണവ് പലപ്പോഴും സിനിമാപ്രേമികളുടെ ചര്‍ച്ചയാകാറുണ്ട്.

മോഹന്‍ലാലിന്റെ മകന്‍ എന്ന ലേബലില്‍ കടന്നുവന്ന പ്രണവ് നടനെന്ന നിലയില്‍ തന്റേതായ സ്ഥാനം ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. വര്‍ഷത്തില്‍ ഒരു സിനിമ എന്ന രീതിയിലാണ് താരം ഇപ്പോള്‍ തന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രണവ് സിനിമയിലേക്കെത്തിയതിനെക്കുറിച്ച് സംസാരിക്കുയാണ് മോഹന്‍ലാലിന്റെ പങ്കാളി സുചിത്ര.

ഫിലോസഫിയാണ് പ്രണവ് പഠിച്ചതെന്നും ആ വഴിയേയായിരിക്കും അയാള്‍ പോവുകയെന്ന് തനിക്ക് ഉറപ്പെന്നും സുചിത്ര പറഞ്ഞു. സിനിമയിലേക്ക് വരണമെന്ന് ആ സമയത്ത് പ്രണവ് വിചാരിച്ചിരുന്നില്ലെന്നും അയാളുടെ ജീവിതം വേറെയാണെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സുചിത്ര മോഹന്‍ലാല്‍.

‘അപ്പുവിന് ആദ്യം ടീച്ചിങ് മേഖലയോടായിരുന്നു താത്പര്യം. ജപ്പാനില്‍ പോയി അവിടുത്തെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ടീച്ചറാകണമെന്ന് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ കോഴ്‌സ് കംപ്ലീറ്റ് ചെയ്തപ്പോള്‍ ആ ഇന്‍ട്രസ്റ്റ് പോയി. വെറുതെ ഇരിക്കണ്ടല്ലോ എന്ന് കരുതി ഞാനാണ് അപ്പുവിനോട് സിനിമയിലേക്ക് ചെല്ലാന്‍ പറഞ്ഞത്. ഒരു സ്ഥലത്ത് ഇരുന്നുകൊണ്ടുള്ള ജോലി അവന് പറ്റില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അങ്ങനെ ജീത്തുവിന്റെ എ.ഡിയായി വര്‍ക്ക് ചെയ്തു.

അത്രയും ആളുകളുടെ ഇടയില്‍ ചെന്ന് വര്‍ക്ക് ചെയ്തപ്പോള്‍ അപ്പുവിന് കൂടുതല്‍ ഇന്‍ട്രസ്റ്റായി. കൂടുതല്‍ ട്രാവലിങ്ങും ബാക്കി കാര്യങ്ങളും ചെയ്യാന്‍ സിനിമയാണ് നല്ലതെന്ന് അവനെ പറഞ്ഞ് മനസിലാക്കി. അങ്ങനെയാണ് അപ്പു ആക്ടിങ്ങിലേക്ക് കടന്നത്. ഇപ്പോഴും എഴുത്ത് അയാള്‍ വിട്ടിട്ടില്ല. ഫ്രണ്ട്‌സിനൊപ്പം ചേര്‍ന്ന് മ്യൂസിക് പ്രോഗ്രാം ചെയ്യാനും അപ്പുവിന് പ്ലാനുണ്ട്,’ സുചിത്ര പറഞ്ഞു.

കസിന്‍സിന്റെയും ഫ്രണ്ട്‌സിനെയും കൂടെ ചേര്‍ന്ന് ഒരു ബാന്‍ഡ് ഉണ്ടാക്കാനുള്ള പദ്ധതിയുണ്ടെന്നും സുചിത്ര പറയുന്നു. വേറൊരു സൈഡില്‍ ഒരു നോവല്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ പണി എവിടം വരെയായെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷത്തില്‍ രണ്ട് സിനിമയെങ്കിലും ചെയ്യാന്‍ താന്‍ ഉപദേശിക്കുന്നുണ്ടെന്നും എന്നാല്‍ അയാള്‍ അയാളുടേതായ രീതിക്ക് മാത്രമേ ചെയ്യുള്ളൂവെന്നും സുചിത്ര പറഞ്ഞു.

Content Highlight: Suchithra Mohanlal explains how Pranav came to cinema

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം