സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ ആര്‍.എസ്.എസ് ഗണഗീതം ചൊല്ലിയതിന് എതിരെ ഡി.വൈ.എഫ്.ഐ മാര്‍ച്ച്‌
Kerala
സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ ആര്‍.എസ്.എസ് ഗണഗീതം ചൊല്ലിയതിന് എതിരെ ഡി.വൈ.എഫ്.ഐ മാര്‍ച്ച്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd September 2025, 2:57 pm

തിരൂര്‍: മലപ്പുറം ജില്ലയിലെ തിരൂരില്‍ എയ്ഡഡ് സ്‌കൂളില്‍ വെച്ച് ആര്‍.എസ്.എസ് ഗണഗീതം ചൊല്ലി വിദ്യാര്‍ത്ഥികള്‍. മലപ്പുറത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളായ ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച് സ്‌കൂളിലാണ് സംഭവം.

സ്‌കൂളിലെ മ്യൂസിക് ക്ലബിലെ കുട്ടികളാണ് ആര്‍.എസ്.എസ് ഗണഗീതം ആലപിച്ചത്.

വീഡിയോ വിവാദമായതോടെ സ്‌കൂളിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

ഡി.വൈ.എഫ്.ഐ തവനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമാര്‍ച്ച്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലെ ആഘോഷ പരിപാടികള്‍ക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ വേദിയില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ചത്.

അതേസമയം, സംഭവം വിവാദമായതോടെ കുട്ടികള്‍ക്ക് അബദ്ധം പറ്റിയതാണെന്ന വിശദീകരണവുമായി സ്‌കൂള്‍ അധികൃതര്‍ തന്നെ രംഗത്തെത്തിയിരുന്നു.

സ്‌കൂളിലെ ക്ലബുകള്‍ നടത്തിയ മത്സരപരിപാടികള്‍ക്കിടെയാണ് സംഭവമെന്നും കുട്ടികള്‍ തന്നെയാണ് പാട്ട് തീരുമാനിച്ച് ആലപിച്ചതെന്നും, ഗണഗീതമാണ് ആലപിച്ചതെന്ന് ആ സമയത്ത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

അതേസമയം, ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ചിന്റെ ഭാഗമായി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഒരു എയ്ഡഡ് സ്‌കൂളില്‍ എങ്ങനെയാണ് ആര്‍.എസ്.എസ് ഗണഗീതം പാടാന്‍ അവസരമൊരുങ്ങിയതെന്ന് ഡി.വൈ.എഫ്.ഐ ചോദ്യം ചെയ്തു.

സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് വിശദീകരണം ചോദിക്കുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍:

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആവശ്യം.

Content Highlight: Students chant RSS song in government-aided school; DYFI protests