എഡിറ്റര്‍
എഡിറ്റര്‍
കൊല്‍ക്കത്ത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 31 വിദ്യാര്‍ത്ഥികളെ പുറത്താക്കി; ഡയറക്ടര്‍ സദാചാര പൊലീസ് ചമയുകയാണെന്ന് വിദ്യാര്‍ത്ഥികള്‍; ക്യാമ്പസില്‍ വിദ്യാര്‍ത്ഥി സമരം
എഡിറ്റര്‍
Tuesday 17th October 2017 2:34pm


കൊല്‍ക്കത്ത: സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സിസ്റ്റിറ്റിയൂട്ടില്‍ നിന്നും 31 വിദ്യാര്‍ത്ഥികളെ പുറത്താക്കാനുള്ള ഡയറക്ടറേറ്റിന്റെ തീരുമാനത്തിനെതിരെ ക്യാമ്പസില്‍ വിദ്യാര്‍ത്ഥി സമരം. കോളേജ് ഹോസ്റ്റലില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാറി താമസിക്കണമെന്ന നിര്‍ദ്ദേശം കൊണ്ടുവന്നതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബോര്‍ഡിന്റെ പ്രതികാര നടപടി.

വിദ്യാര്‍ത്ഥികളെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ എസ്.ആര്‍.എഫ്.ടി.ഐ സ്റ്റുഡന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരിക്കുകയാണ്. അധികൃതര്‍ സമരത്തോടും മുഖം തിരിക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നതെന്ന് ഇന്‍സിസ്റ്റിറ്റിയൂട്ടിലെ മൂന്നാം വര്‍ഷ സൗണ്ട് റെക്കോര്‍ഡിംങ് ആന്‍ഡ് ഡിസൈനിംങ് വിദ്യാര്‍ത്ഥി ശബരീനാഥ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Also Read: കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന ബി.ജെ.പി നേതാക്കളുടെ പ്രചാരണം കലാപമുണ്ടാക്കാനാണെന്ന് കോടിയേരി


‘ഒരു ബില്‍ഡിങ്ങില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും താമസിക്കാന്‍ പാടില്ലെന്നാണ് ഡയറക്ടര്‍ ബോര്‍ഡ് പറയുന്നത്. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ഹോസ്റ്റലില്‍ നിന്നു മാറ്റാനുള്ള ശ്രമം നടന്നെങ്കിലും ഇതിന് തയ്യാറാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് പുറത്താക്കല്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.’ ശബരീനാഥ് പറഞ്ഞു.

’31 വിദ്യാര്‍ത്ഥികളെയാണ് റെസ്ട്രിഗേറ്റഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെര്‍മനെന്റ് ഹോസ്റ്റല്‍ എക്‌സ്‌പെന്‍ഷനും, പെര്‍മനെന്റ് അക്കാദമിക് സസ്‌പെന്‍ഷനുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര മന്ത്രാലയത്തിന്റെ പിന്‍ബലത്തിലാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് അധികൃതര്‍ നീങ്ങിയിരിക്കുന്നത്.’

‘ഇന്‍സിസ്റ്റിറ്റിയൂട്ട് ആരംഭിച്ച് കഴിഞ്ഞ 20 വര്‍ഷത്തോളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബില്‍ഡിങ്ങിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ അത് പാടില്ലെന്നാണ് പുതിയ ഡയറക്ടര്‍ പറയുന്നത്. ആണായതിന്റെ പേരില്‍ നീ ഇവിടെ കഴിയരുത് അല്ലെങ്കില്‍ പെണ്ണായതിന്റെ പേരില്‍ ഇവിടെ കഴിയരുതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ വ്യക്തമായ ഒരു കാരണം പറയാന്‍ അവര്‍ക്ക് കഴിയുന്നില്ല.’ ശബരിനാഥ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Dont Miss: ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും പട്ടാളഭരണവും ഏകാധിപത്യത്തെയും അനുകൂലിക്കുന്നതായി സര്‍വ്വേ ഫലം


കോളേജ് ഡയറക്ടറായി ദേബമിത്ര മിത്ര എത്തിയതിനുശേഷമാണ് ഇത്തരത്തില്‍ ഒരു ഉത്തരവുണ്ടായതെന്നും അതുവരെ യാതൊരു നിയന്ത്രണവും ഉണ്ടായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കേന്ദ്ര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നല്ലാതെ ഇതിന് ഒരു വിശദീകരണവും നല്‍കാന്‍ ബോര്‍ഡ് തയ്യാറായിട്ടില്ലെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ മാറാന്‍ തയ്യാറാകാത്തവരുടെ പേരുകള്‍ തെരഞ്ഞുപിടിച്ചാണ് നടപടിയെടുത്തിരിക്കുന്നതെന്നും പറയുന്നു.

അധികൃതരുടെ നടപടിമൂലം തങ്ങള്‍ക്ക് താമസ സൗകര്യം ലഭിക്കുന്നില്ലെന്നും പല പ്രൊജക്ടുകളും മുടങ്ങിയിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ‘സ്‌കൂള്‍ കുട്ടികളോട് പറയുന്നതു പോലെ വീട്ടിലേക്ക് വിളിച്ച് പറയുമെന്നും അച്ഛനെ വിളിച്ച് പറയുമെന്നുമാണ് അധികൃതര്‍ ഭീഷണിപ്പെടുത്തുന്നത്. എവിടെയും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് ഇവിടെ ബോര്‍ഡിന്റെ പ്രവര്‍ത്തനം ഒരു ശതമാനം അറ്റന്‍ഡന്‍സ് കുറഞ്ഞാല്‍ 1000 രൂപയാണ് ഫൈന്‍’


You Must Read This: ‘ഗുജറാത്ത് മോഡല്‍ വികസനം’ എന്ന പരിപ്പ് ഇനി വേവില്ല; എല്ലാം വാചകമടി മാത്രം; രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി ഗുജറാത്ത് മുന്‍മുഖ്യമന്ത്രി സുരേഷ് മെഹ്ത


ഫിലിം മേഖലയുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് ദേബമിത്രയെന്നും സംഘപരിവാര്‍ ബന്ധത്തിന്റെ പേരിലാണ് അവരെ ഡയറക്ടറായി നിയമിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഹോസ്റ്റലിന്റെ പേരില്‍ അധികൃതര്‍ തുടരുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്വീകരിച്ച പുറത്താക്കല്‍ നടപടി പിന്‍വലിക്കുയും ചെയ്യുന്നതുവരെ തങ്ങള്‍ സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

Advertisement