ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
അയേണ്‍ ഗുളികകളില്‍ നിന്നും വിഷബാധയെന്നു സംശയം: മുംബൈയില്‍ വിദ്യാര്‍ത്ഥിനി മരിച്ചു; നിരവധി വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ന്യൂസ് ഡെസ്‌ക്
Friday 10th August 2018 6:30pm

മുംബൈ: മുംബൈയില്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ വിതരണം ചെയ്ത അയേണ്‍ ഗുളികകള്‍ കഴിച്ച ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. അവശനിലയിലായ 160ല്‍ അധികം വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. അയേണ്‍ ഗുളികകളില്‍ നിന്നും വിഷാംശം അകത്തു ചെന്നതാണ് മരണകാരണമെന്ന് സംശയിക്കുന്നു.

ബൈഗന്‍വാഡിയിലെ മുനിസിപ്പല്‍ ഉര്‍ദു സ്‌കൂളധികൃതര്‍ തിങ്കളാഴ്ച വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത അയേണ്‍-ഫോളിക് ആസിഡ് ഗുളികകള്‍ കഴിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ പന്ത്രണ്ടുകാരി ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ശാരീരികാസ്വാസ്ഥ്യം കാരണം ചൊവ്വാഴ്ച സ്‌കൂളിലെത്താതിരുന്ന പെണ്‍കുട്ടി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്ലാസിലിരിക്കുകയും വ്യാഴാഴ്ച രാത്രി വീട്ടില്‍ വച്ച് രക്തം ഛര്‍ദ്ദിച്ചു മരിക്കുകയുമായിരുന്നു.

 

Also Read: സനാതന്‍ സന്‍സ്ത നേതാവിന്റെ വീട്ടില്‍ എ.ടി.എസ് റെയ്ഡ്; കണ്ടെടുത്തത് വന്‍ സ്‌ഫോടക വസ്തുക്കളും ആയുധശേഖരവും

 

കുട്ടികളില്‍ അനീമിയ നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരമാണ് ബി.എം.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ അയേണ്‍-ഫോളിക് ആസിഡ് ഗുളികകള്‍ വിതരണം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ തലത്തില്‍ നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് ഒരു തരത്തിലുള്ള പ്രതികൂല റിപ്പോര്‍ട്ടുകളും വന്നിരുന്നില്ലെന്ന് കോര്‍പ്പറേഷന്‍ പറയുന്നു.

പെണ്‍കുട്ടിയുടെ മരണകാരണം ക്ഷയരോഗമാവാമെന്നും കുട്ടിയ്ക്ക് മറ്റെന്തെങ്കിലും രോഗമുണ്ടായിരുന്നോ എന്നതിനെക്കുറിച്ച് അറിവില്ലെന്നും അധികൃതര്‍ പറയുന്നുണ്ട്.

വിവരം പുറത്തറിഞ്ഞതോടെയാണ് പരിഭ്രാന്തരായ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും അധികൃതര്‍ അറിയിക്കുന്നു. 160ല്‍ അധികം കുട്ടികളെയാണ് ഘട്‌കോപറിലെ രജാവാടി ആശുപത്രിയിലും ഗോവണ്ടിയിലെ ശതാബ്ദി ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുന്നത്.

 

Also Read: തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ കള്ളം പറഞ്ഞു; അമിത് ഷായ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാരവന്‍ റിപ്പോര്‍ട്ട്‌

 

എന്നാല്‍, ചില കുട്ടികള്‍ക്ക് തലകറക്കവും മനംപിരട്ടലും ഉള്ളതൊഴിച്ചാല്‍ ഗൗരവമായ പ്രശ്‌നങ്ങള്‍ ആര്‍ക്കുമില്ലെന്നാണ് ബി.എം.സി അധികൃതരുടെ പക്ഷം. വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ കുട്ടികളെ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതായും ബി.എം.സിയുടെ കുറിപ്പില്‍ പറയുന്നു.

കുട്ടികള്‍ക്കു നല്‍കിയ ഗുളികകള്‍ ടെസ്റ്റു ചെയ്ത് ഉറപ്പുവരുത്തിയവയാണെന്നും വിദ്യാര്‍ത്ഥിനിയുടെ മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ തിരിച്ചറിയാനാകൂ എന്നും ബി.എം.സിയുടെ എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് ഓഫീസര്‍ പത്മജ കേശ്കര്‍ പറയുന്നു.

Advertisement