ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National Politics
തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ കള്ളം പറഞ്ഞു; അമിത് ഷായ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാരവന്‍ റിപ്പോര്‍ട്ട്‌
ന്യൂസ് ഡെസ്‌ക്
Friday 10th August 2018 11:10am

 

ന്യൂദല്‍ഹി: 2017ല്‍ തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കണ്ടെത്തല്‍. മകന്‍ ജയ് ഷായുടെ ബിസിനസ് സംരംഭമായ കുസും ഫിന്‍സേര്‍വ് എല്‍.എല്‍.പിയ്ക്കുവേണ്ടി അമിത് ഷാ അദ്ദേഹത്തിന്റെ രണ്ട് വസ്തുവകകള്‍ ജാമ്യമായി വെച്ചിരുന്നു. ജാമ്യം നിന്നയാളെന്ന നിലയില്‍ അമിത് ഷായ്ക്ക് ആ ബിസിനസില്‍ ഓഹരിയുണ്ടാവുമെന്നും ഇക്കാര്യം സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നുമാണ് കാരവന്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നത്.

ഷിലാജില്‍ അമിത് ഷായ്ക്ക് രണ്ട് പ്രോപ്പര്‍ട്ടികളുണ്ട്. 2016 മെയ് മാസത്തില്‍ കുസും ഫിന്‍സേര്‍വിനുവേണ്ടി കാലുപൂര്‍ ബാങ്കില്‍ നല്‍കിയ ജാമ്യത്തില്‍ ഈ രണ്ട് പ്രോപ്പര്‍ട്ടികളുടെയും പൂര്‍ണ ഉടമസ്ഥാവകാശം തനിക്കാണെന്ന് അമിത് ഷാ അവകാശപ്പെട്ടിട്ടുണ്ട്. വായ്പയെടുക്കാന്‍ ഒരു വ്യക്തി അയാളുടെ വസ്തുക്കള്‍ ജാമ്യം നല്‍കുകയെന്നതിനര്‍ത്ഥം ‘ നിങ്ങളൊരു ജാമ്യക്കാരനാണെന്നതാണ് ആദ്യത്തേത്- ചിലപ്പോള്‍ ലാഭത്തില്‍ ഷെയര്‍ ഉണ്ടായിരിക്കണമെന്നില്ല, എന്നാല്‍ ഈ ബിസിനസില്‍ തീര്‍ച്ചയായും ഷെയര്‍ ഉണ്ടായിരിക്കും’ എന്നാണ് ഇതുസംബന്ധിച്ച രേഖകള്‍ കണ്ട ഒരു സാമ്പത്തിക വിദഗ്ധന്‍ പറഞ്ഞതെന്നും കാരവന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അമിത് ഷാ രാജ്യസഭാ അംഗമാണ്. ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ അവരുടെ സ്വത്തുവകകളും ബാധ്യതകളുമെല്ലാം പരാമര്‍ശിച്ചിരിക്കണം. തെറ്റായ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ നല്‍കിയാല്‍ ഈ നിയമപ്രകാരം നാമനിര്‍ദേശപത്രിക തള്ളിക്കൊണ്ട് ശിക്ഷിക്കാം.

‘ഒരു ജനപ്രതിനിധിയുടെ സത്യവാങ്മൂലം പൂര്‍ണമായും സത്യമായിരിക്കണം. സത്യമല്ലാതെ ഒന്നുമുണ്ടാവാന്‍ പാടില്ല. പ്രഥമദൃഷ്ട്യാ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ആ ജനപ്രതിനിധിയ്‌ക്കെതിരെ നടപടിയെടുക്കണം. ‘ എന്നാണ് മുന്‍ തെരഞ്ഞെടുപ്പു കമ്മീഷനായ എസ്.വൈ ഖുറൈഷി പറയുന്നത്.

സാമ്പത്തിക നിലമോശമായിട്ടും ജയ് ഷായുടെ കമ്പനിക്ക് വായ്പയായി കിട്ടിയത് 97.35 കോടി

സാമ്പത്തികമായി മോശം അവസ്ഥയിലായിട്ടു കൂടി ജയ് ഷായുടെ സ്ഥാപനമായ കുസും ഫിന്‍സേര്‍വിന് ബാങ്കുകളില്‍ നിന്നും വായ്പയായി ലഭിച്ചത് 97.35 കോടി രൂപയാണ്. ഏറ്റവും പുതിയ ബാലന്‍സ് ഷീറ്റ് പ്രകാരം 5.83 കോടി മാത്രം മൂല്യമുള്ള ഈ കമ്പനിക്കാണ് ഇത്രവലിയ തുക ബാങ്ക് വായ്പയായി ലഭിച്ചിരിക്കുന്നത്. ഗുജറാത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കാലുപൂര്‍ കൊമേഴ്‌സ്യല്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ അമിത് ഷായുടെ വസ്തുവകകളുടെ ജാമ്യത്തില്‍ കുസും ഫിന്‍സെര്‍വിനു നല്‍കിയത് 25 കോടി രൂപയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് ഉള്‍പ്പെടെ രണ്ടു ബാങ്കുകളില്‍ നിന്നായി 2016നുശേഷം 10.35 കോടി, 25 കോടി, 15 കോടി, 30 കോടി, 17 കോടി എന്നിങ്ങനെ 97.35 കോടി ജയ് ഷായുടെ കമ്പനി കൈപ്പറ്റിയതായാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്ന് കാരവന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement