മാനന്തവാടിയില്‍ പൊലീസ് ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരന് ദാരുണാന്ത്യം
Kerala News
മാനന്തവാടിയില്‍ പൊലീസ് ജീപ്പിടിച്ച് വഴിയോരക്കച്ചവടക്കാരന് ദാരുണാന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th March 2025, 5:40 pm

മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയില്‍ പ്രതിയുമായി പോവുകയായിരുന്ന പൊലീസ് ജീപ്പ് ഇടിച്ച് വഴിയോരക്കച്ചവടക്കാരന് ദാരുണാന്ത്യം. മാനന്തവാടി വള്ളിയൂര്‍ക്കാവില്‍വെച്ചുണ്ടായ അപകടത്തില്‍ ശ്രീധരന്‍ എന്നയാളാണ് മരിച്ചത്. അമ്പലവയല്‍ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.

മാഹിയില്‍ നിന്നുള്ള പ്രതിയുമായി സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ജീപ്പ് ചാറ്റല്‍ മഴ കാരണം റോഡില്‍ നിന്നും തെന്നിമാറി വള്ളിയൂര്‍ക്കാവ് അമ്പലപറമ്പിലേക്ക് മറിയുകയായിരുന്നു. ഇന്ന് (ബുധനാഴ്ച്ച) വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടാവുന്നത്.

അപകടത്തില്‍ മൂന്ന് പൊലീസുകാര്‍ക്കും പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. സി.പി.ഒമാരായ കെ.ബി. പ്രശാന്ത്, ജോളി സാമുവല്‍, വി. കൃഷ്ണന്‍, പ്രതിയായ തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശീധരനെയും മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അതേസമയം അപകടത്തില്‍പ്പെട്ട ജീപ്പിന് ഫിറ്റ്‌നെസില്ലെന്ന് കാണിച്ച് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. അപകടത്തില്‍പ്പെട്ട ജീപ്പിന്റെ കാലപ്പഴക്കവും തേഞ്ഞുപോയ ടയറും ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. ആര്‍.ടി.ഒയും ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്താതെ അപകടത്തില്‍പ്പെട്ട ജീപ്പ് വിട്ടുനല്‍കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

Content highlight: street vendor hit by police jeep got dead in Mananthavady