'ലോകായുക്തയുടെ അല്ല പട്ടിയുടെ പല്ലാണ് സര്‍ക്കാര്‍ പറിക്കേണ്ടത്'; തെരുവുനായശല്യം നിയമസഭയില്‍ ചര്‍ച്ച
Kerala News
'ലോകായുക്തയുടെ അല്ല പട്ടിയുടെ പല്ലാണ് സര്‍ക്കാര്‍ പറിക്കേണ്ടത്'; തെരുവുനായശല്യം നിയമസഭയില്‍ ചര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th August 2022, 12:01 pm

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായശല്യം നിയമസഭയില്‍ ചര്‍ച്ചക്കെടുത്തു. നിലവാരമില്ലാത്ത വാക്‌സിന്‍ വ്യാപകമായി വിതരണം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

തെരുവുനായ ശല്യം മൂലം കുട്ടികളെ മനസമാധാനത്തോടെ സ്‌കൂളുകളിലേക്കയക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല. വാക്‌സിന്റെ ഗുണനിലവാരത്തെ കുറിച്ച് ആശങ്കകള്‍ ഉണ്ട്. ആരോഗ്യ വകുപ്പ് മരണങ്ങളെ കുറിച്ചാണ് പരിശോധിച്ച് വരുന്നത്. വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ഒരു ലക്ഷത്തിലേറെ പേര്‍ക്ക് നായകളുടെ കടിയേറ്റെന്നും സഭ നിര്‍ത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീര്‍ ആവശ്യപ്പെട്ടു.

തെരുവുനായ്ക്കളുടെ വന്ധ്യംകരണം നിലച്ചു. സര്‍ക്കാര്‍ വിഷയം ഗൗരവമായി കാണുന്നില്ല, കുട്ടികളടക്കം സാധാരണക്കാരുടെ പ്രശ്‌നം കണ്ടില്ലെന്ന് നടിക്കരുത്. തെരുവുനായ പ്രശ്‌നത്തിലെന്താ കോടതി ഇടപെടാത്തത്. ലോകായുക്തയുടെ അല്ല പട്ടിയുടെ പല്ലാണ് സര്‍ക്കാര്‍ പറിക്കേണ്ടതെന്നും ബഷീര്‍ പറഞ്ഞു.

തെരുവുനായ കടിച്ചുള്ള മരണം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. വാക്സിനെ കുറിച്ച് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കുത്തിവയ്പ്പ് എടുത്തിട്ടും മരിച്ചവര്‍ പേവിഷ ബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ മുറിവേറ്റവരാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജും പറഞ്ഞു. പേവിഷ ബാധ ഏറ്റ് ഈവര്‍ഷം ഇത് വരെ 20 പേര്‍ മരിച്ചുവെന്നും 15 പേര്‍ വാക്‌സിന്‍ എടുത്തിരുന്നില്ലെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

തെരുവ് നായ്ക്കളുടെ വന്ധ്യംകരണം പൂര്‍ണമായി നിലച്ചു എന്നത് ശരിയല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഈ മാസം മാത്രം അഞ്ച് പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്.