2025നൊപ്പം സ്‌ട്രേഞ്ചര്‍ തിങ്‌സും അവസാനിക്കും; അഞ്ചാം സീസണിന്റെ റിലീസ് ഡേറ്റ് എത്തി
Entertainment
2025നൊപ്പം സ്‌ട്രേഞ്ചര്‍ തിങ്‌സും അവസാനിക്കും; അഞ്ചാം സീസണിന്റെ റിലീസ് ഡേറ്റ് എത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st June 2025, 9:32 am

ഇന്ത്യാനയിലെ ഹോക്കിന്‍സ് എന്ന സാങ്കല്‍പ്പിക നഗരത്തില്‍ നടക്കുന്ന അസാധാരണ സംഭവങ്ങളെ കുറിച്ചും അതിനെതിരെ പോരാടുന്ന ഒരു കൂട്ടം കൗമാരക്കാരെ കുറിച്ചും പറഞ്ഞ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസായിരുന്നു സ്ട്രേഞ്ചര്‍ തിങ്സ്.

ഇതുവരെ നാല് സീസണുകളാണ് ഈ സീരീസിന്റേതായി റിലീസ് ചെയ്തിരുന്നത്. ഇപ്പോള്‍ അഞ്ചാമത്തേതും അവസാനത്തേതുമായ സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സ്ട്രേഞ്ചര്‍ തിങ്സ് ആരാധകര്‍.

അവസാന സീസണിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ഈ സീസണിന്റെ ആദ്യ വോളിയം എത്തുന്നത് 2025 നവംബര്‍ 26നാകും. രണ്ടാമത്തേത് ക്രിസ്മസ് ദിവസവും അവസാനത്തേത് ന്യൂ ഇയര്‍ ദിവസവുമാകും.

എട്ട് എപ്പിസോഡുകളുള്ള സീരീസിന്റെ ആദ്യ സീസണ്‍ 2016ലായിരുന്നു റിലീസ് ചെയ്തിരുന്നത്. അന്ന് നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇംഗ്ലീഷ് സീരീസായി സ്ട്രേഞ്ചര്‍ തിങ്സ് മാറിയിരുന്നു.

ഒമ്പത് എപ്പിസോഡുകളുള്ള രണ്ടാമത്തെ സീസണ്‍ പുറത്തിറങ്ങിയത് 2017ലായിരുന്നു. പിന്നാലെ 2019ല്‍ മൂന്നാമത്തെ സീസണും 2022ല്‍ നാലാമത്തെ സീസണും പുറത്തിറങ്ങി. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അഞ്ചാം ഭാഗം എത്തുന്നത്.

വിനോന റൈഡര്‍, ഡേവിഡ് ഹാര്‍ബര്‍, ഫിന്‍ വുള്‍ഫാര്‍ഡ്, മില്ലി ബോബി ബ്രൗണ്‍, ഗേറ്റന്‍ മറ്റരാസോ, കലേബ് മക്ലാഫ്‌ലിന്‍, നതാലിയ ഡയര്‍, ചാര്‍ളി ഹീറ്റണ്‍, നോഹ ഷ്‌നാപ്പ്, സാഡി സിങ്ക്, ജോ കീറി എന്നിവരുള്‍പ്പെടെ ഒരുപാടുപേര്‍ ഈ സീരീസില്‍ അഭിനയിച്ചിട്ടുണ്ട്.

Content Highlight: Stranger Things 5 Release Date Announced