'ഏഴ് യുദ്ധങ്ങള്‍ നിര്‍ത്തി'; സമാധാനത്തിനുള്ള നൊബേലിന് അര്‍ഹനെന്ന് ആവര്‍ത്തിച്ച് ട്രംപ്
World
'ഏഴ് യുദ്ധങ്ങള്‍ നിര്‍ത്തി'; സമാധാനത്തിനുള്ള നൊബേലിന് അര്‍ഹനെന്ന് ആവര്‍ത്തിച്ച് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st September 2025, 1:09 pm

വാഷിങ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇന്ത്യ-പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് അവകാശപ്പെട്ടാണ് ട്രംപ് വീണ്ടും ആവശ്യം ഉന്നയിച്ചത്. ലോക വേദിയില്‍ തന്നെ ബഹുമാനിക്കപ്പെടേണ്ട ഇടപെടലുകളാണ് താന്‍ നടത്തുന്നതെന്ന് ട്രംപ് പറഞ്ഞു.

‘ഞങ്ങള്‍ സമാധാന കരാറുകള്‍ക്ക് നേതൃത്വം നല്‍കുന്നു. യുദ്ധങ്ങള്‍ നിര്‍ത്തുന്നു. ഇന്ത്യ-പാക്, തായ്‌ലന്‍ഡ്-കംബോഡിയ എന്നിവര്‍ തമ്മിലുള്ള യുദ്ധമുള്‍പ്പടെ ഞങ്ങള്‍ നിര്‍ത്തി. എന്റെ ഇടപെടലുകൊണ്ട് മാത്രമാണ് ഈ യുദ്ധങ്ങളെല്ലാം അവസാനിച്ചത്,’ ഇന്നലെ (ശനി) അമേരിക്കന്‍ കോര്‍ണര്‍‌സ്റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന അത്താഴവിരുന്നില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

വ്യാപാരത്തെ മുന്‍നിര്‍ത്തിയാണ് ഇന്ത്യ-പാക് സംഘര്‍ഷം നിര്‍ത്തിയതെന്നും ട്രംപ് അവകാശപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കും വ്യാപാരമെന്നത് പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും രാഷ്ട്രത്തലവന്മാരോട് ബഹുമാനമുണ്ടെന്നും ട്രംപ് പറഞ്ഞു.

‘യുദ്ധം തുടരാനാണ് നിങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ ഞാന്‍ വ്യാപാരം നിര്‍ത്തുകയാണെന്ന് പറഞ്ഞു . അവര്‍ യുദ്ധം അവസാനിപ്പിച്ചു. ആണവായുധങ്ങള്‍ കൈവശം ഉണ്ടായിരുന്നിട്ട് കൂടി അവര്‍ യുദ്ധം നിര്‍ത്തുകയാണ് ചെയ്തത്,’ ട്രംപ് ആവര്‍ത്തിച്ചു.

ട്രംപിന്റെ അവകാശ പട്ടികയില്‍ അര്‍മേനിയ, അസര്‍ബൈജാന്‍, കൊസോവോ, സെര്‍ബിയ, ഇസ്രഈല്‍, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, റുവാണ്ട, കോംഗോ എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഈ രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന സംഘര്‍ഷങ്ങളില്‍ 60 ശതമാനവും വ്യാപാരത്തെ മുന്‍നിര്‍ത്തിയാണ് അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു.

താന്‍ അവസാനിപ്പിച്ച ഏഴ് യുദ്ധങ്ങളില്‍ ഓരോന്നിനും പ്രത്യേക പുരസ്‌കാരം നല്‍കേണ്ടതാണെന്നും ട്രംപ് പറഞ്ഞു. അതേസമയം റഷ്യ-ഉക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ എളുപ്പമാണെന്നാണ് കരുതിയിരുന്നതെന്നും ട്രംപ് നിരാശ പ്രകടിപ്പിച്ചു.

എന്നാല്‍ റഷ്യ-യുദ്ധം അവസാനിപ്പിക്കുമെന്നും യു.എസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. പക്ഷെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം തന്നെ നല്ല സുഹൃത്തായിരുന്നിട്ട് കൂടി യുദ്ധമവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു.

ഇത്യമായല്ല, താന്‍ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് ട്രംപ് പറയുന്നത്. തനിക്ക് നാലോ അഞ്ചോ തവണ നോബല്‍ ലഭിക്കേണ്ടിയിരുന്നതായിരുന്നെന്നും എന്നാല്‍ തനിക്കത് നല്‍കില്ലെന്നുമാണ് ട്രംപ് പറഞ്ഞത്.

Content Highlight: ‘Stopped seven wars’; Trump reiterates that he deserves Nobel Peace Prize