ഇനി ഒന്ന് കാതലിക്കാം; ജിയോ ബേബി ചിത്രത്തിന്റെ ഷൂട്ട് തുടങ്ങി; ലൊക്കേഷന്‍ പിക്‌സ്
Film News
ഇനി ഒന്ന് കാതലിക്കാം; ജിയോ ബേബി ചിത്രത്തിന്റെ ഷൂട്ട് തുടങ്ങി; ലൊക്കേഷന്‍ പിക്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th October 2022, 4:29 pm

ജിയോ ബേബിയുടെ സംവിധാനത്തില്‍ മമ്മൂട്ടി, ജ്യോതിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന കാതലിന്റെ ഷൂട്ട് തുടങ്ങി. സോഷ്യല്‍ മീഡിയ പേജിലൂടെ മമ്മൂട്ടി കമ്പനി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ജ്യോതികയുടെ ജന്മദിനമായ ഒക്ടോബര്‍ 18ന് പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ജ്യോതികയുടെ ജീവിതപങ്കാളി കൂടിയായ സൂര്യ, നടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചത്.

‘ഈ സിനിമയുടെ ഐഡിയയും ആദ്യ ദിവസം മുതല്‍ ഈ സിനിമക്ക് വേണ്ടി സംവിധായകന്‍ ജിയോ ബേബിയും മമ്മൂട്ടി കമ്പനിയും എടുത്ത ഓരോ ചുവടുകളും അതിഗംഭീരമാണ്. മമ്മൂക്കയ്ക്കും ജോയ്ക്കും ടീമിനും കാതല്‍ ദ കോര്‍ സിനിമക്കും എല്ലാ വിധ ആശംസകളും നേരുന്നു. ഹാപ്പി ഹാപ്പി ബര്‍ത്ത്ഡേ ജോ,’ സൂര്യ ട്വീറ്റില്‍ കുറിച്ചു.

മമ്മൂട്ടി കമ്പനിയാണ് കാതല്‍ നിര്‍മിക്കുന്നത്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ജിയോ ബേബിയുടെ മുന്‍ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച സാലു കെ. തോമസാണ് കാതലിലും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഫ്രാന്‍സിസ് ലൂയിസാണ് എഡിറ്റിങ്. മാത്യൂസ് പുളിക്കനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

കഥ കേട്ടപ്പോള്‍ മമ്മൂട്ടിയാണ് മനസില്‍ വന്നതെന്നും അദ്ദേഹത്തിന് തന്നെയായിരിക്കും ഈ വേഷം ചെയ്യാനാകുകയെന്ന് തോന്നിയതുകൊണ്ടാണ് മമ്മൂട്ടിയെ സമീപിച്ചതെന്നും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജിയോ ബേബി പറഞ്ഞിരുന്നു.

Content Highlight: stills from kaathal movie set