എന്നാലും ദേശാഭിമാനി അവഗണിച്ചത് മോശമായിപ്പോയി; വി.എസിന്റെ പിറന്നാള്‍ ദിനത്തില്‍ ജയ്‌റാം രമേശ്
national news
എന്നാലും ദേശാഭിമാനി അവഗണിച്ചത് മോശമായിപ്പോയി; വി.എസിന്റെ പിറന്നാള്‍ ദിനത്തില്‍ ജയ്‌റാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th October 2022, 4:05 pm

ന്യൂദല്‍ഹി: മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുന്‍ കേന്ദ്ര മന്ത്രി ജയ്‌റാം രമേശ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകള്‍ പങ്കുവെച്ചത്. ദേശാഭിമാനിയില്‍ വി.എസിന്റെ ചിത്രം പങ്കുവെക്കാതിരുന്നതിനെ കുറിച്ചും അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

മാതൃഭൂമി ന്യൂസിന്റെ മുന്‍പേജിന്റെ ചിത്രവും പങ്കുവെച്ചുകാണ്ടായിരുന്നു ട്വീറ്റ്.

ചട്ടങ്ങളില്‍ നിര്‍ബന്ധങ്ങള്‍ പാലിക്കുന്ന നേതാവായിരുന്നു വി.എസ് എന്നും അമിതാധികാരം വി.എസ് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രിയായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ സ്നേഹപൂര്‍വ്വമായ ഇടപെടലുകള്‍ ഓര്‍ക്കുന്നു. ചട്ടങ്ങളില്‍ കണിശത പുലര്‍ത്തിയിരുന്ന അദ്ദേഹം അമിതാധികാരം പ്രയോഗിക്കുന്ന ആളായിരുന്നില്ല. സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി വി.എസിന്റെ നൂറാം ജന്മദിനമെന്ന നാഴികക്കല്ല് ഒന്നാം പേജില്‍ നിന്ന് ഒഴിവാക്കിയത് അസാധാരണമാണ്,’ ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി.

ദേശാഭിമാനിയില്‍ വി.എസ് അച്യുതാനന്ദന്റെ ജന്മദിനവുമായി ബന്ധപ്പെട്ട വാര്‍ത്ത മുന്‍പേജില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ നടക്കുന്നതിനിടെയാണ് ജയ്‌റാം രമേശിന്റെ പ്രതികരണം.

അതേസമയം സി.പി.ഐ.എം നേതാവ് സി.കെ. കണാരന്റെ 50-ാം ചരമവാര്‍ഷികവുമായ ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുകളും പത്രത്തിന്റെ പല പേജുകളിലായി വന്നിരുന്നു. സി.കെ. കമാരനെ കുറിച്ച് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ എഴുതിയ പ്രത്യേക ലേഖനെ പത്രത്തിന്റെ എഡിറ്റോറിയലായും നല്‍കിയിട്ടുണ്ട്.

Content Highlight: Jairam Ramesh says that avoiding VS Achuthanandan from the front page of deshabhimani is unfair