മലയാളത്തിലെ മികച്ച കോസ്റ്റ്യൂം ഡിസൈനര്‍മാരില്‍ ഒരാളാണ് സ്റ്റെഫി സേവ്യര്‍. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിലൂടെയാണ് സ്റ്റെഫി വസ്ത്രാലങ്കാര രംഗത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് ഗപ്പി, എസ്ര, ജോസഫ് തുടങ്ങിയ ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ച സ്റ്റെഫി മധുര മനോഹര മോഹം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് ചാര്‍ത്തി. ഗപ്പിയിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും സ്റ്റെഫി സ്വന്തമാക്കി.
പീരിയഡ് കോസ്റ്റ്യൂംസ് ഏറ്റവും നന്നായി ചേരുന്ന നടനും നടിയും ആരാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സ്റ്റെഫി സേവ്യര്‍. മലയാളത്തില്‍ അത്തരം കോസ്റ്റ്യൂംസ് ഏറ്റവും നന്നായി പുള്‍ ഓഫ് ചെയ്യാന്‍ കഴിവുള്ള നടന്‍ പൃഥ്വിരാജാണെന്ന് സ്റ്റെഫി പറഞ്ഞു. നടിമാരില്‍ അത് മംമ്തയാണെന്നും സെല്ലുല്ലോയ്ഡ് എന്ന സിനിമ അതിന് ഉദാഹരണമാണെന്നും സ്‌റ്റെഫി കൂട്ടിച്ചേര്‍ത്തു.
ആ സിനിമയില്‍ മംമ്തയുടെ കോസ്റ്റ്യൂംസ് നല്ല രസമുണ്ടായിരുന്നെന്നും അധികം ആര്‍ക്കും അക്കാര്യം വിശ്വസിക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നു. അതുവരെ കണ്ട മംമ്തയെ അല്ലായിരുന്നു ആ സിനിമയിലെന്നും അവര്‍ക്ക് അത്തരം വേഷങ്ങള്‍ ചേരില്ലെന്നായിരുന്നു കരുതിയതെന്നും സ്റ്റെഫി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ വേഷത്തില്‍ മംമ്ത വളരെ മാച്ചായിരുന്നെന്നും അവര്‍ പറഞ്ഞു. പോഡ്കാസ്റ്റ് ബൈ ഗദ്ദാഫി എന്ന ചാനലിനോട് സംസാരിക്കുകയായിരുന്നു സ്‌റ്റെഫി സേവ്യര്‍.
‘നടന്മാരില്‍ പീരിയഡ് കോസ്റ്റ്യൂംസ് നന്നായി ചേരുന്നത് പൃഥ്വിരാജിനാണ്. നടിമാരില്‍ അത് മംമ്തയാണ്. സെല്ലുലോയ്ഡ് എന്ന സിനിമ അതിന് ഉദാഹരണമാണ്. എന്ത് രസമാണ് ആ സിനിമയില്‍ മംമ്തയെ കാണാന്‍. അവര്‍ക്ക് അത് ചേരുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. മംമ്തയെ നമ്മള്‍ അങ്ങനെയൊരു കോസ്റ്റ്യൂമില്‍ കണ്ടിട്ടില്ലല്ലോ.
വളരെ ബിലീവബിളായിരുന്നു ആ സിനിമയില്‍ മംമ്തയെ പ്രസന്റ് ചെയ്തപ്പോള്‍. അതുപോലെ ശ്വേത മേനോനും ഉണ്ട്. പാലേരി മാണിക്യം എന്ന സിനിമയില്‍ അവരെ കാണാന്‍ നല്ല ഭംഗിയായിരുന്നു. ആ കാലഘട്ടത്തിന് ചേരുന്ന രീതിയില്‍ മുടിയൊക്കെ എണ്ണമയമാക്കി, കണ്ണെഴുതിയൊക്കെ വരുമ്പോള്‍ നമുക്ക് ആ ഫീല്‍ കിട്ടും,’ സ്റ്റെഫി സേവ്യര്‍ പറയുന്നു.
മലയാളസിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സെല്ലുലോയ്ഡ്. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജാണ് ജെ.സി. ഡാനിയേലായി വേഷമിട്ടത്. മികച്ച സിനിമക്കും നടനും അടക്കം ഏഴ് പുരസ്‌കാരങ്ങളാണ് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ സെല്ലുലോയ്ഡ് സ്വന്തമാക്കിയത്.
Content Highlight: Stephy Zaviour saying Prithviraj and Mamta can pull of period costumes in Malayalam cinema