ഭയന്ന് ഓടിപ്പോകുന്നവരല്ല ഇടതുപക്ഷ സര്‍ക്കാര്‍; കോണ്‍ഗ്രസിന്റെ ലക്ഷ്യം കേരളത്തില്‍ കലാപം സൃഷ്ടിക്കല്‍: കോടിയേരി ബാലകൃഷ്ണന്‍
Kerala News
ഭയന്ന് ഓടിപ്പോകുന്നവരല്ല ഇടതുപക്ഷ സര്‍ക്കാര്‍; കോണ്‍ഗ്രസിന്റെ ലക്ഷ്യം കേരളത്തില്‍ കലാപം സൃഷ്ടിക്കല്‍: കോടിയേരി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st June 2022, 6:45 pm

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി രാജിവെക്കുകയാണ് അവരുടെ ആവശ്യമെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.

ഇന്ത്യയില്‍ എപ്പോയെങ്കിലും ഒരു മുഖ്യമന്ത്രി വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ അക്രമിക്കപ്പെട്ടിട്ടുണ്ടോയെന്നും വിമാനത്തില്‍ പോലും യാത്ര ചെയ്യാന്‍ സമ്മതിക്കില്ല എന്ന് വന്നാല്‍ മുഖ്യമന്ത്രിയ്ക്ക് സുരക്ഷ നല്‍കണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

‘കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച സര്‍ക്കാര്‍ എന്തിന് രാജിവെക്കണം. കേരളത്തില്‍ യു.ഡി.എഫിന് നടപ്പാക്കാന്‍ സാധിക്കാത്തത് എല്‍.ഡി.എഫ് നടപ്പാക്കുകയാണ്. അതുകൊണ്ടാണ് അവര്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവര്‍ത്തിച്ച് പറയുന്നത്. എണ്ണിയാലൊടുങ്ങാത്ത വികസനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതെല്ലാം അട്ടിമറിക്കാനുള്ള ശ്രമം ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കും,’ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന ബഹുജന സംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന് ജനപിന്തുണയുണ്ട്, ഇനിയും അത് വര്‍ധിക്കും. എല്ലാം വെല്ലുവിളികളെയും നേരിട്ട് തന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: state secretary of the Communist party Kodiyeri Balakrishnan,  has sharply criticized the Congress