സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പെയ്ന്‍ ഇന്ന് തുടങ്ങും; എല്ലാ ജില്ലയിലും ലഹരിവിരുദ്ധ പ്രചരണ പരിപാടികള്‍
Kerala News
സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പെയ്ന്‍ ഇന്ന് തുടങ്ങും; എല്ലാ ജില്ലയിലും ലഹരിവിരുദ്ധ പ്രചരണ പരിപാടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th October 2022, 9:04 am

തിരുവനന്തപുരം: ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഈ മാസം രണ്ടിന് തുടങ്ങാന്‍ തീരുമാനിച്ചിരുന്ന പദ്ധതി മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്.

മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വിക്ടേഴ്‌സ് ചാനല്‍ വഴി ഇന്ന് പത്ത് മണിക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം.

എല്ലാ ജില്ലകളിലും മന്ത്രിമാര്‍ പങ്കെടുക്കുന്ന ലഹരിവിരുദ്ധ പ്രചരണ പരിപാടികള്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരം എസ്.എം.വി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.

മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാനതല സമിതി മുതല്‍ വാര്‍ഡ് അടിസ്ഥാനത്തിലുള്ള ജാഗ്രത സമിതികള്‍ വരെ രൂപീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ തലത്തിലും ജാഗ്രത സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം നിരീക്ഷിക്കാനായി അധ്യാപകര്‍ക്കും പരിശീലനം നല്‍കി കഴിഞ്ഞു.

ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ എന്ന പദ്ധതിക്കും ഔദ്യോഗികമായി ഇന്ന് തുടക്കമാകും. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വിവിധ അന്വേഷണ ഏജന്‍സികളും വകുപ്പുകളും പൊതുജനങ്ങളും സംയുക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

നേരത്തെ, സ്‌കൂളുകളില്‍ ലഹരി ബോധവത്കരണം ഞായറാഴ്ച നടത്തുന്നതിനെതിരെ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ഓര്‍ത്തഡോക്സ് സഭ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണം മറ്റൊരു ദിവസത്തേക്ക് മാറ്റി ആചരിക്കണം എന്നായിരുന്നു സഭയുടെ നിര്‍ദേശം.

ക്രൈസ്തവര്‍ വിശുദ്ധമായി കണക്കാക്കുന്ന ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കുവാനുള്ള പ്രവണത അടുത്ത കാലത്തായി വര്‍ധിച്ചു വരുന്നു. ഇത് ഭരണഘടന അനുവദിച്ചു തരുന്ന മത സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നായിരുന്നു സഭയുടെ ആരോപണം.

Content Highlight: State Government’s Anti Drug campaign inauguration today