'ബീഹാറില്‍ പറഞ്ഞത് തമിഴ്നാട്ടില്‍ വന്ന് പറയാന്‍ ധൈര്യമുണ്ടോ' മോദിയെ വെല്ലുവിളിച്ച് സ്റ്റാലിന്‍
India
'ബീഹാറില്‍ പറഞ്ഞത് തമിഴ്നാട്ടില്‍ വന്ന് പറയാന്‍ ധൈര്യമുണ്ടോ' മോദിയെ വെല്ലുവിളിച്ച് സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th November 2025, 8:14 am

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ബീഹാറുകാരെ തമിഴ്നാട്ടില്‍ പീഡിപ്പിക്കുകയാണെന്ന മോദിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് വെല്ലുവിളി.

ബീഹാറില്‍ പറഞ്ഞത് തമിഴ്നാട്ടില്‍ വന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് എം.കെ. സ്റ്റാലിന്‍ ചോദിച്ചു. ധര്‍മപുരിയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബീഹാര്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മോദിയുടെ പുതിയ നാടകമാണിതെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. തമിഴ്നാട്ടില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിലുള്ള പകയില്‍ നിന്നാണ് ഈ വിദ്വേഷ പ്രചരണം ഉണ്ടാകുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

എല്ലാ മനുഷ്യരെയും സ്വീകരിക്കുന്ന സ്ഥലമാണ് തമിഴ്‌നാട്. എന്തൊക്കെ വ്യാജ പ്രചരണങ്ങളും ഗൂഢാലോചനകളും നടത്തിയാലും 2026ല്‍ ഡി.എം.കെ വീണ്ടും അധികാരത്തില്‍ വരുമെന്നും സ്റ്റാലിന്‍ ആവര്‍ത്തിച്ചു.

എ.ഐ.എ.ഡി.എം.കെയുടെ പിടിയില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാന്‍ താനും തന്റെ പാര്‍ട്ടിയും ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിനെതിരെ നവംബര്‍ രണ്ടിന് സംസ്ഥാനത്ത് നടന്ന സര്‍വകക്ഷി യോഗത്തില്‍ നിന്ന് എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും വിട്ടുനിന്നത് ഇരട്ടത്താപ്പാണെന്നും മുഖ്യമന്ത്രി എം.കെ. പ്രതികരിച്ചു.

സംസ്ഥാനത്തെ ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കുകയും ജനാധിപത്യത്തെ കുഴിച്ചുമൂടുകയും ചെയ്യുന്ന എസ്.ഐ.ആറിന്റെ നടപടിക്രമങ്ങളെ എതിര്‍ക്കേണ്ടത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷം എസ്.ഐ.ആര്‍ മതിയെന്നാണ് ഡി.എം.കെ സര്‍ക്കാരിന്റെ നിലപാട്. ഈ ആവശ്യമുന്നയിച്ച് ഡി.എം.കെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

പാര്‍ട്ടിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ ആര്‍.എസ്. ഭാരതിയാണ് ഹരജി ഫയല്‍ ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും തമിഴ്‌നാട് ആരോപിക്കുന്നു.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.ഐ.ആര്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ ബി.ജെ.പി ഭരണത്തിലിരിക്കുന്ന അസമില്‍ അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും അവിടെ എസ്.ഐ.ആര്‍ നടപ്പിലാക്കുന്നില്ലെന്നും ഡി.എം.കെ ചൂണ്ടിക്കാട്ടി.

Content Highlight: Stalin challenges Modi, ‘Do you dare to come here and say what you said in Bihar?’