എന്റെ കരിയറിലെ ആദ്യ ഡോക്ടര്‍ വേഷം; നിവിന്‍ പോളിയാണ് നായകന്‍: ശ്രുതി രാമചന്ദ്രന്‍
Entertainment
എന്റെ കരിയറിലെ ആദ്യ ഡോക്ടര്‍ വേഷം; നിവിന്‍ പോളിയാണ് നായകന്‍: ശ്രുതി രാമചന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th January 2025, 3:58 pm

പി.ആര്‍. അരുണ്‍ സംവിധാനം ചെയ്ത് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ വരാനിരിക്കുന്ന മലയാളം സീരീസാണ് ഫാര്‍മ. നിവിന്‍ പോളിയും രജിത് കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരീസില്‍ നരേന്‍, ശ്രുതി രാമചന്ദ്രന്‍, വീണ നന്ദകുമാര്‍, മുത്തുമണി തുടങ്ങിയവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

2024 നവംബര്‍ 27ന് 55ാമത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ സീരീസ് പ്രീമിയര്‍ ചെയ്തിരുന്നു. ഇപ്പോള്‍ ഫാര്‍മയെ കുറിച്ച് പറയുകയാണ് നടി ശ്രുതി രാമചന്ദ്രന്‍. ഫാര്‍മ ഒരു സോഷ്യല്‍ ഡ്രാമയാണെന്നും അതിന് ത്രില്ലര്‍ സ്വഭാവവുമുണ്ടെന്നുമാണ് ശ്രുതി പറയുന്നത്. വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ഫാര്‍മ ഒരു സോഷ്യല്‍ ഡ്രാമയാണ്. അതിന് ത്രില്ലര്‍ സ്വഭാവവുമുണ്ട്. നിവിന്‍ പോളിയാണ് നായകന്‍. ഡോ. ജാനകി എന്ന കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. എന്റെ കരിയറിലെ ആദ്യ ഡോക്ടര്‍ വേഷമാകും ഇത്. അതില്‍ വേറെ തന്നെയൊരു സന്തോഷം കൂടിയുണ്ട്.

അച്ഛന്റെ അമ്മ ചന്ദ്രവല്ലി ചെന്നൈയില്‍ ഗൈനക്കോളജിസ്റ്റായിരുന്നു. അമ്മൂമ്മ റിട്ടയര്‍ ചെയ്തു കഴിഞ്ഞും പഴയ പേഷ്യന്റ്‌സ് മക്കളെയും കൊണ്ടു കാണാന്‍ വരുന്നതൊക്കെ രസമുള്ള ഓര്‍മകളാണ്. ആളുകളോട് അമ്മൂമ്മ ഇടപ്പെടുന്നതു പോലെയാണ് ഡോക്ടര്‍ ജാനകിയുടെ രീതികളും. അതാണ് റെഫന്‍സ്,’ ശ്രുതി രാമചന്ദ്രന്‍ പറഞ്ഞു.

പാച്ചുവും അത്ഭുതവിളക്ക്, നീരജ എന്നീ സിനിമകളിലെ തന്റെ കഥാപാത്രങ്ങളെ കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചു. പാച്ചുവും അത്ഭുതവിളക്ക് സിനിമയില്‍ ശ്രുതി ഒരൊറ്റ സീനില്‍ മാത്രമായാണ് അഭിനയിച്ചത്.

‘സിനിമ തെരഞ്ഞെടുക്കാന്‍ ഹാര്‍ഡ് ആന്‍ഡ് ഫാസ്റ്റ് റൂള്‍സ് ഒന്നുമില്ല. സംവിധായകന്‍ അഖില്‍ സത്യന്‍ ഒരേയൊരു കാര്യമാണ് പറഞ്ഞത്. ‘ഇതില്‍ ഒന്നുമില്ല ശ്രുതിക്കു ചെയ്യാന്‍. പക്ഷേ വന്ന് അഭിനയിക്കാമോ?’ എന്ന് ചോദിച്ചു. സത്യസന്ധമായ ആ ഓഫറാണ് പാച്ചുവും അത്ഭുതവിളക്കും തന്നത്.

സെന്‍സിറ്റീവായ ഒരു വിഷയമാണ് നീരജ എന്ന സിനിമ കൈാര്യം ചെയ്തത്. അത്തരം റോള്‍ വരുമ്പോള്‍ സംവിധായകനും ടീമും വിഷയം ശരിയായി കൈകാര്യം ചെയ്തിട്ടുണ്ടോ എന്നാണ് നോക്കുക. പിന്നെ നൂറു ശതമാനം ആത്മാര്‍ഥമായി തന്നെ അഭിനയിക്കും.

സിനിമ പുറത്തുവരുമ്പോള്‍ ചിലരെങ്കിലും പറയുന്ന നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധിക്കാറുണ്ട്. അഭിനയത്തില്‍ പിന്നീട് തിരുത്തലുകള്‍ വരുത്താന്‍ അത് സഹായിക്കും. പക്ഷേ, അനാവശ്യകാര്യങ്ങള്‍ പറഞ്ഞ് നെഗറ്റിവിറ്റി പരത്തുന്നവരെ മൈന്‍ഡ് ചെയ്യില്ല,’ ശ്രുതി രാമചന്ദ്രന്‍ പറഞ്ഞു.

Content Highlight: Sruthi Ramachandran Talks About Pharma Series And Nivin Pauly