കെ.ജി. ജോര്‍ജ്, പ്രിയദര്‍ശന്‍ എന്നിവരുടെ സംവിധാനസഹായിയായി സിനിമാജീവിതം ആരംഭിച്ചയാളാണ് ശ്രീകാന്ത് മുരളി. വിനീത് ശ്രീനിവാസനെ നായകനാക്കി 2017ല്‍ റിലീസായ എബിയിലൂടെ സ്വതന്ത്രസംവിധായകനായി ശ്രീകാന്ത് മാറി. ആക്ഷന്‍ ഹീറോ ബിജുവിലൂടെ അഭിനയരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ ശ്രീകാന്തിന് സാധിച്ചു. ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരില്‍ ഒരാളാണ് ശ്രീകാന്ത് മുരളി.
തന്റെ സിനിമ യാത്രയെ കുറിച്ച് സംസാരിക്കുകയാണ് ശ്രീകാന്ത് മുരളി. പതിനേഴാം വയസില്‍ സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ സിനിമകള്‍ കണ്ടാണ് സിനിമാക്കാരനാകാന്‍ താന്‍ ആഗ്രഹിച്ചതെന്ന് ശ്രീകാന്ത് മുരളി പറയുന്നു. തന്റെ ജ്യേഷ്ഠന്‍ സുധീര്‍ വഴി ഗായകന്‍ എം.ജി. ശ്രീകുമാറിനെ പരിചയപ്പെടുന്നതും സംവിധായകന്‍ പ്രിയദര്‍ശന്‍നെ കാണുന്നതും സഹായിയായി നില്‍ക്കാന്‍ അവസരം ലഭിക്കുന്നതുമൊക്കെ ഏഷ്യാനെറ്റ് തുടങ്ങിയ കാലത്താണെന്നും ശ്രീകാന്ത് പറഞ്ഞു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയുടെ ഹിന്ദിപ്പതിപ്പില്‍ തുടങ്ങി പതിമൂന്നോളം ചിത്രങ്ങളില്‍ പ്രിയദര്‍ശന്റെ സംവിധാന സഹായിയായെന്നും ഇപ്പോഴും ഒരു പുതുമുഖസംവിധായകന്റെ ആവേശത്തോടെ, കൗതുകത്തോടെ, സിനിമകളെപ്പറ്റിയും പുസ്തകത്തെപ്പറ്റിയുമൊക്കെ സംസാരിക്കുന്ന പ്രിയന്‍ സാര്‍ വലിയൊരു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചെറുപ്പകാലത്ത് സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ സിനിമകള്‍ കണ്ടാണ് സിനിമാക്കാരനാകാന്‍ ആഗ്രഹിച്ചത്. ഞാന്‍ അദ്ദേഹത്തിന് കത്തെഴുതുന്നതും കാണുന്നതും ‘ഒരു യാത്രയുടെ അന്ത്യ’ത്തിലെ ബസ് യാത്രക്കാരില്‍ ഒരാളാവുന്നതുമൊക്കെ പതിനേഴ് വയസിലാണ്.
പിന്നീട് കവിയൂര്‍ ശിവപ്രസാദ് സാറിനൊപ്പം കൂടി. ഏഷ്യാനെറ്റ് തുടങ്ങിയ കാലത്താണ് ജ്യേഷ്ഠന്‍ സുധീര്‍ വഴി ഗായകന്‍ എം.ജി. ശ്രീകുമാറിനെ പരിചയപ്പെടുന്നതും പ്രിയദര്‍ശന്‍ സാറിനെ കാണുന്നതും സഹായിയായി നില്‍ക്കാന്‍ അവസരം ലഭിക്കുന്നതുമൊക്കെ. ‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന സിനിമയുടെ ഹിന്ദിപതിപ്പില്‍ത്തുടങ്ങി പതിമൂന്നോളം ചിത്രങ്ങളില്‍ പ്രിയന്‍ സാറിന്റെ സഹായിയായി.
ഇപ്പോഴും ഒരു പുതുമുഖസംവിധായകന്റെ ആവേശത്തോടെ, കൗതുകത്തോടെ, സിനിമകളെപ്പറ്റിയും പുസ്തകത്തെപ്പറ്റിയുമൊക്കെ സംസാരിക്കുന്ന പ്രിയന്‍ സാര്‍ വലിയൊരു മാതൃകയാണ്. സിനിമ ചെയ്ത കിട്ടുന്ന പണം അദ്ദേഹം സിനിമയില്‍ത്തന്നെയാണ് നിക്ഷേപിക്കുന്നതും,’ ശ്രീകാന്ത് മുരളി പറയുന്നു.