മലയാളികള്‍ക്ക് ഇന്ന് ഏറെ പരിചിതനായ വ്യക്തിയാണ് ശ്രീകാന്ത് മുരളി. കെ.ജി. ജോര്‍ജ്, പ്രിയദര്‍ശന്‍ എന്നിവരുടെ സംവിധാന സഹായിയായിട്ടാണ് അദ്ദേഹം തന്റെ സിനിമാജീവിതം ആരംഭിച്ചത്. വിനീത് ശ്രീനിവാസനെ നായകനാക്കി 2017ല്‍ റിലീസായ എബിയിലൂടെയാണ് അദ്ദേഹം സ്വതന്ത്രസംവിധായകനായി മാറിയത്. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ശ്രീകാന്ത് മുരളി ശ്രദ്ധേയനായി.
ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ഹോം. 2022ല്‍ ഒ.ടി.ടി റിലീസായെത്തിയ ചിത്രം ആ വര്‍ഷത്തെ മികച്ച സിനിമാനുഭവങ്ങളിലൊന്നായിരുന്നു. ചിത്രത്തില്‍ ശ്രീകാന്ത് മുരളിയും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഇന്ദ്രന്‍സിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീകാന്ത് മുരളി.
വളരെ സിമ്പിളായിട്ടുള്ള മനുഷ്യനാണ് ഇന്ദ്രന്‍സെന്ന് ശ്രീകാന്ത് മുരളി പറഞ്ഞു. ഏറ്റവും മികച്ച സംവിധായകരുടെയും ടെക്‌നീഷ്യന്മാരുടെയും കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളയാണ് അദ്ദേഹമെന്നും ഡിജിറ്റല്‍ ക്യാമറക്ക് മുമ്പ് ഓരോ റീലിനും നല്ല പൈസയുണ്ടായിരുന്ന കാലത്ത് ഇന്ദ്രന്‍സ് അഭിനയം തുടങ്ങിയിരുന്നെന്നും ശ്രീകാന്ത് മുരളി പറയുന്നു.
അതിന്റെയെല്ലാം എക്‌സ്പീരിയന്‍സ് ഇന്ദ്രന്‍സിന്റെ അഭിനയത്തില്‍ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെല്ലാം ഹോം എന്ന സിനിമയില്‍ ഗുണപ്പെട്ടുവെന്നും ശ്രീകാന്ത് പറഞ്ഞു. സെറ്റില്‍ വന്ന് ഇരിക്കുമ്പോള്‍ തന്നെ ഒലിവര്‍ ട്വിസ്റ്റിന്റെ മാനറിസങ്ങള്‍ അദ്ദേഹത്തില്‍ കാണാന്‍ സാധിക്കുമെന്നും അതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകന്‍ റോജിന്‍ തോമസിനാണെന്നും അദ്ദേഹം പറയുന്നു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു ശ്രീകാന്ത് മുരളി.
‘പ്രഗത്ഭരായ ഒരുപാട് ആര്‍ട്ടിസ്റ്റുകളുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളയാണ് ഇന്ദ്രന്‍സേട്ടന്‍. ടാലന്റഡായിട്ടുള്ള സംവിധായകര്‍ക്കൊപ്പവും നല്ല ടെക്‌നീഷ്യന്മാരോടൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ മികച്ച നടന്മാരുടെ കൂടെയെല്ലാം ഇന്ദ്രന്‍സേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ന് നമ്മള്‍ കാണുന്ന ഡിജിറ്റല്‍ യുഗത്തിന് മുമ്പേ ഓരോ റീലിനും വിലയുള്ള കാലത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയ ആളാണ് അദ്ദേഹം.
അതെല്ലാം ഹോം എന്ന സിനിമക്ക് നല്ല രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട്. സെറ്റിലേക്ക് അദ്ദേഹം വന്നിരിക്കുമ്പോള്‍ തന്നെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രമായി മാറിയിട്ടാണ്. ആ മാനറിസത്തോടെയാണ് എല്ലാവരോടും സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്നത്. അതിന്റെ ക്രെഡിറ്റ് സംവിധായകനായ റോജിന്‍ തോമസിനുള്ളതാണ്. പിന്നെ ഇന്ദ്രന്‍സേട്ടനും ആ ക്യാരക്ടറിനെപ്പോലെ സിമ്പിളായിട്ടുള്ള ആളാണ്,’ ശ്രീകാന്ത് മുരളി പറയുന്നു.
Content Highlight: Srikanth Murali talks about Indrans and Home movie