ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ചരിത്രം കുറിച്ച് ശ്രീലങ്കൻ താരം സോനൽ ദിനുഷ. ഇന്ത്യയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയാണ് സോനൽ തിളങ്ങിയത്. 162 പന്തുകളിൽ നിന്നും 103 റൺസ് നേടിയാണ് താരം കരുത്തുകാട്ടിയത്. എട്ട് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു സോനലിന്റെ ഇന്നിങ്‌സ്. ഈ പരമ്പരയിലെ ആദ്യ മത്സരത്തിലും താരം സെഞ്ച്വറി നേടിയിരുന്നു.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് സെഞ്ച്വറി നേടുന്ന അപൂർവ താരങ്ങളുടെ പട്ടികയിലേക്കാണ് ലങ്കൻ താരം തന്റെ പേരെഴുതി ചേർത്തത്. ഈ നേട്ടത്തിലേക്ക് നടന്നു കയറുന്ന എട്ടാമത്തെ താരമാണ് സോനൽ.
Back-to-Back Test Centuries! 🔥🏏
Sonal Dinusha does it again! 💯💯
From Galle to Colombo, the century streak continues! What a player! 🇱🇰#SonalDinusha #SriLankaCricket #SLvIND #BackToBackCenturies pic.twitter.com/0P3UybMcbe— Sri Lanka Cricket 🇱🇰 (@OfficialSLC) August 26, 2026
ഇന്ത്യക്കെതിരെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും രണ്ട് സെഞ്ച്വറികൾ നേടിയ താരം, ടീം, വർഷം
എവർട്ടൺ വീക്‌സ്-വെസ്റ്റ് ഇൻഡീസ്-1948
ഗാരി സോബേഴ്‌സ്-വെസ്റ്റ് ഇൻഡീസ്-1958
സഹീർ അബ്ബാസ്-പാകിസ്ഥാൻ-1978
ദുലീപ് മെൻഡിസ്-ശ്രീലങ്ക-(1982-85
റോബിൻ സ്മിത്ത്-ഇംഗ്ലണ്ട്-1990
ഗാരി കിർസ്റ്റൺ-സൗത്ത് ആഫ്രിക്ക-1996
ജെസി റൈഡർ-ന്യൂസിലാൻഡ്-2009
സോനൽ ദിനുഷ-ശ്രീലങ്ക-2026
അതേസമയം ഒന്നാം ഇന്നിങ്സിൽ ശ്രീലങ്ക 290 റൺസിനാണ് പുറത്തായത്. നിലവിൽ ടീം ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടരുകയാണ്. ലങ്കൻ നിരയിൽ സോനലിന്റെ സെഞ്ച്വറിക്ക് പുറമെ പസിന്ധു സൂര്യബന്ധര 133 പന്തിൽ നിന്നും ഒമ്പത് ഫോറുകൾ അടക്കം 80 റൺസ് നേടി മികച്ചു നിന്നു.
ഇന്ത്യൻ ബൗളിങ്ങിൽ മാനവ് സുതർ, പ്രസിദ്ധ് കൃഷ്ണ എന്നിവർ മൂന്ന് വിക്കറ്റും സാരാൻഷ് ജെയൻ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തേ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 503 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു. ദേവദത്ത് പടിക്കലിന്റെയും ധ്രുവ് ജുറെലിന്റെയും സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ താരം രണ്ടാം ടെസ്റ്റിലും ആവർത്തിക്കുകയായിരുന്നു.
193 പന്തിൽ 117 റൺസ് നേടിയാണ് പടിക്കൽ തിളങ്ങിയത്. 12 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ജുറെൽ 177 പന്തിൽ പുറത്താവാതെ 115 റൺസും സ്വന്തമാക്കി. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
റിഷബ് പന്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എന്നിവർ അർധ സെഞ്ച്വറിയും നേടി തിളങ്ങി. 89 പന്തുകളിൽ നിന്നും 63 റൺസാണ് പന്തിന്റെ സമ്പാദ്യം. ആറ് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 108 പന്തിൽ നിന്നും ആറ് ഫോറുകൾ അടക്കം 50 റൺസാണ് താരം ഗിൽ നേടിയത്.
ലങ്കൻ ബൗളിങ്ങിൽ അസിത ഫെർണാണ്ടോ നാല് വിക്കറ്റുകളും പ്രഭാത് ജയസൂര്യ, കേഷാര നുവന്ത എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി തിളങ്ങി. ലഹിരു കുമാര ഒരു വിക്കറ്റും നേടി.
Content Highlight: Sri Lankan player Sonal Dinusha created history against India in Test cricket
