ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം; പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ തയ്യാര്‍
World News
ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം; പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ തയ്യാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th April 2022, 9:03 am

കൊളംബോ: ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ സമാഗി ജന ബലവേഗയ (Samagi Jana Balawegaya – SJB). പ്രസിഡന്റ് ഗോതബയ രജപക്‌സെക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹത്തെ ഇംപീച്ച് ചെയ്യുമെന്നുമാണ് പാര്‍ട്ടി പറഞ്ഞത്.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാതെ മുന്നോട്ട് പോകുകയാണെങ്കില്‍ പ്രമേയം കൊണ്ടുവരും എന്നാണ് പ്രതിപക്ഷം പറയുന്നത്.

രാജിവെക്കാതെ അധികാരത്തില്‍ തുടരാനാണ് ഗോതബയയുടെ നീക്കമെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും മുന്നറിയിപ്പ് നല്‍കി.

പ്രമേയത്തിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിലേക്ക് പ്രതിപക്ഷത്തിന് കടക്കാനാകൂ. ഒപ്പം സുപ്രീംകോടതി അനുകൂലമായി നിലപാടെടുക്കുകയും വേണം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഇന്ധന- ഭക്ഷ്യ ക്ഷാമവും കാരണം ശ്രീലങ്കയിലെ ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ഏപ്രില്‍ ഒന്നിന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അഞ്ച് ദിവസത്തിന് ശേഷം പിന്‍വലിക്കുകയായിരുന്നു.

പ്രസിഡന്റ് ഗോതബയ രാജി വെക്കണമെന്നും രജപക്‌സെ കുടുംബത്തിന്റെ ഭരണം അവസാനിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

ഒരു മാസത്തിലധികമായി രാജ്യത്ത് ജനങ്ങള്‍ പ്രതിഷേധത്തിലാണ്.

അതിനിടെ ശ്രീലങ്കന്‍ സര്‍ക്കാരിലെ മന്ത്രിസഭ രാജിവെച്ചിരുന്നു. പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ മകന്‍ നമല്‍ രജപക്‌സെ അടക്കമുള്ളവരായിരുന്നു രാജിവെച്ചത്.

പുതിയ മന്ത്രിസഭയില്‍ രജപക്സെ കുടുംബത്തില്‍ നിന്നുള്ളവര്‍ ഉണ്ടാകില്ലെന്നും പ്രസ്താവന പുറത്തുവന്നിരുന്നു. എന്നാല്‍ പ്രസിഡന്റ്, പ്രധാനമന്ത്രി പദങ്ങളില്‍ ഗോതബയ രജപക്സെയും ജ്യേഷ്ഠ സഹോദരന്‍ മഹിന്ദ രജപക്സെയും തുടരുന്നതാണ് ഇപ്പോള്‍ അവിശ്വാസ പ്രമേയ നീക്കത്തിലേക്ക് കടക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ കുറഞ്ഞത് 41 അംഗങ്ങള്‍ സഖ്യസര്‍ക്കാരില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും തങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെന്നാണ് രജപക്‌സെ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു ഈ തീരുമാനം.

Content Highlight: Sri Lanka opposition threatens no-confidence motion against government says ready to impeach President