തിരുവനന്തപുരം: ചലച്ചിത്ര കോണ്‍ക്ലേവ് സമാപന സമ്മേളനത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം വിവാദമാവുകയും സമൂഹത്തിന്റെ വിവിധകോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അടൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി.
ലോകം അംഗീകരിച്ച സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സിനിമ ചെയ്ത് പരിചയമില്ലാത്തവര്‍ക്ക് പരിശീലനം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു. പട്ടികജാതിക്കാരെക്കുറിച്ച് സംസാരിച്ചാല്‍ ഉടനെ തന്നെ അതിനെ ദളിത് വിരുദ്ധതയായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ശ്രീകുമാരന്‍ തമ്പി.
‘ലോകസിനിമാചരിത്രത്തില്‍ ഇന്ത്യന്‍ സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ‘എനിക്ക് ശേഷം ഇന്ത്യന്‍ സിനിമയെ കൂടുതല്‍ പ്രശസ്തമാക്കാന്‍ പോകുന്നത് അടൂര്‍ ഗോപാലകൃഷ്ണനാണ്’ എന്നായിരുന്നു സത്യജിത് റേയ് പറഞ്ഞത്. അത്രയും വലിയൊരു സംവിധായകനാണ് അദ്ദേഹമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
അങ്ങനെയൊരു സംവിധായകന്‍ പ്രസംഗിക്കുമ്പോള്‍ അത് തടസ്സപ്പെടുത്തുന്നത് സംസ്‌കാരശൂന്യതയാണ്. സര്‍ക്കാര്‍ ക്ഷണിച്ചിട്ടാണ് അദ്ദേഹം ആ കോണ്‍ക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയത്. ഷെഡ്യൂള്‍ഡ് കാസ്റ്റ്, ഷെഡ്യൂള്‍ഡ് ട്രൈബ് എന്ന് പറയുമ്പോള്‍ തന്നെ അവരെ അപമാനിച്ചേ എന്ന് വിളിച്ചുകൂവുകയാണ്,’ ശ്രീകുമാരന്‍ തമ്പി പറയുന്നു.
സിനിമ ചെയ്ത് പരിചയമില്ലാത്ത അവര്‍ക്ക് ഗ്രാന്‍ഡ് നല്‍കുന്നതിന് മുമ്പ് പരിശീലനം കൊടുക്കണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. പട്ടികജാതിക്കാര്‍ക്ക് മാത്രം ഗ്രാന്‍ഡ് നല്‍കുന്നതുകൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ അതിനെക്കുറിച്ച് സംസാരിച്ചതെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.
പട്ടികജാതിക്കാര്‍ക്കും സ്ത്രീകള്‍ക്കും സിനിമ ചെയ്യാന്‍ സര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കുന്നതിന് മുമ്പ് അവര്‍ക്ക് സിനിമയെടുക്കാനുള്ള പരിശീലനം നല്കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഒരു സിനിമ ചെയ്യാന്‍ ഒന്നരക്കോടി എന്നതിന് പകരം ആ തുക മൂന്ന് പേര്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അടൂരിന്റെ പരാമര്‍ശത്തിനെതിരെ പലരും രംഗത്തെത്തിയിരുന്നു.