സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പൊന്‍മുട്ടയിടുന്ന താറാവ്. ശ്രീനിവാസന്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് രഘുനാഥ് പലേരിയാണ്. ജയറാം, ഇന്നസെന്റ്, ഉര്‍വശി, ശാരി എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
പൊന്മുട്ടയിടുന്ന താറാവിനെ കുറിച്ച് സംസാരിക്കുകയാണ് ശ്രീനിവാസന്‍. ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചത് മോഹന്‍ലാലിനെ ആയിരുന്നുവെന്ന് ശ്രീനിവാസന്‍ പറയുന്നു. ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച കഥാപാത്രമാണ് തനിക്ക് വേണ്ടി തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ സത്യന്‍ അന്തിക്കാട് ഇന്നസെന്റുമായി നടത്തിയ ചര്‍ച്ചക്കിടയിലാണ് ചിത്രത്തിലെ നായകനായി തന്നെ തീരുമാനിച്ചാല്‍ നല്ലതാണെന്ന് ഉറപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘രഘുനാഥ് പാലേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമയെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. പുള്ളി എന്നോട് അതില്‍ അഭിനയിക്കാന്‍ പറഞ്ഞിരുന്നു. ഞാന്‍ ശരിയെന്നും പറഞ്ഞു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ രഘുനാഥ് പാലേരി മാറിയിട്ട് സത്യന്‍ അന്തിക്കാട് ആ സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ആ പടത്തിന്റെ പേരാണ് പൊന്മുട്ടയിടുന്ന താറാവ്.
അന്ന് രഘുനാഥ് പാലേരി സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അതിലെ നായകനായി തീരുമാനിച്ചത് മോഹന്‍ലാലിനെയായിരുന്നു. എനിക്ക് ജയറാം അഭിനയിച്ച, ദുബായില്‍ നിന്ന് വരുന്ന ആളുടെ വേഷമായിരുന്നു തീരുമാനിച്ചത്. ഉര്‍വശിയെ കല്യാണം കഴിക്കുന്ന ആളായിട്ട്.
പക്ഷെ സത്യന്‍ അന്തിക്കാട് ഇന്നസെന്റുമായിട്ട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, മോഹന്‍ലാലിന് ഹെവി വെയിറ്റാണ് അത് വേണ്ട, ആ വേഷം ശ്രീനിവാസനെ പോലുള്ള തല്ലിപ്പൊളികള്‍ ചെയ്താല്‍ മതിയെന്ന്. അങ്ങനെയാണ് ആ ചിത്രത്തില്‍ ഞാന്‍ നായകനായി അഭിനയിക്കുന്നത്,’ ശ്രീനിവാസന്‍ പറയുന്നു.