ഇന്നസെൻ്റ് ആ പണിക്ക് പോയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ തകർന്നുവീണത് മറ്റൊരു സാമ്രാജ്യമായിരുന്നു: ശ്രീനിവാസൻ
Entertainment
ഇന്നസെൻ്റ് ആ പണിക്ക് പോയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ തകർന്നുവീണത് മറ്റൊരു സാമ്രാജ്യമായിരുന്നു: ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th June 2025, 8:04 pm

മലയാളത്തിലെ മൺമറഞ്ഞുപോയ കലാകാരനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ശ്രീനിവാസൻ. തന്നെ ഒരിക്കൽ ഇന്നസെൻ്റ് വിളിച്ചെന്നും തൂങ്ങിച്ചാകണോ എന്ന് അദ്ദേഹം ചോദിച്ചെന്നും ശ്രീനിവാസൻ പറയുന്നു.

തനിക്ക് അപ്പോൾ കാര്യമൊന്നും മനസിലായില്ലെന്നും എന്താണ് പ്രശ്നമെന്ന് ചോദിച്ചെന്നും ശ്രീനിവാസൻ പറഞ്ഞു.

ഒരു ചാനലിൽ താനന്ന് ജീവിതാനുഭവങ്ങൾ പങ്കുവെക്കാറുണ്ടായിരുന്നെന്നും അതിൽ ഇന്നസെൻ്റിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിൽ താൻ പറഞ്ഞ കാര്യം കേട്ടിട്ടാണ് ഇന്നസെൻ്റ് തന്നെ വിളിച്ചതെന്നും ഒരു വിധത്തിലാണ് അദ്ദേഹത്തെ അന്ന് സമാധിപ്പിച്ചതെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു. വനിത മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരിക്കൽ ഇന്നസെൻ്റ എന്നെ വിളിച്ചു ചൂടായി. ‘എന്തൊരു പണിയാടാ നീ എനിക്കു തന്നത്. ഞാനിനി തൂങ്ങിച്ചാകണോ അതോ വിഷം കഴിച്ചു ചാകണോ’ എന്ന്. ‘എന്താണ് പ്രശ്നം’ ഞാൻ ചോദിച്ചു.

‘ആലീസിന്റെയും അവളുടെ വീട്ടുകാരുടെയും മുഖത്ത് ഞാനിനി എങ്ങനെ നോക്കും’ ഇന്നസെന്റ് പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. ‘എന്താണ് നിങ്ങളുടെ പ്രശ്നം’ ഞാൻ സ്വരം ലേശം കടുപ്പിച്ചു. അപ്പോഴാണ് പുള്ളി സംഭവം പറയുന്നത്. ഒരു ചാനലിൽ ഞാനന്ന് എന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരിപാടി ചെയ്യുന്നു.

അതിൽ ഒരു എപ്പിസോഡ് ഇന്നസെ്റിനെക്കുറിച്ചായിരുന്നു. സിനിമയിൽ അഭിനയിക്കാൻ മദിരാശിയിലെത്തിയ ഇന്നസെന്റ് വേറെ മാർഗങ്ങളൊന്നുമില്ലാതെ ജൂനിയർ ആർട്ടിസ്‌റ്റായി അഭിനയിച്ച കാര്യം ഞാൻ പറഞ്ഞിരുന്നു. അതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

അന്ന് ജൂനിയർ ആർട്ടിസ്റ്റു‌കൾ മിക്കവാറും കുന്തം പിടിച്ചുകൊണ്ടു നിൽക്കുന്ന സീനുകളിലാണ് അഭിനയിക്കേണ്ടത്. പത്തുരൂപയാണ് ഒരു ദിവസത്തെ കൂലി. ചിലപ്പോൾ ആ കുന്തവും കിട്ടും.

ഇന്നസെന്റ്റ് ഈ പണിക്കു പോയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ തകർന്നുവീണത് മറ്റൊരു സാമ്രാജ്യമായിരുന്നു. ദാവൺഗരിയിൽ തീപ്പെട്ടി കമ്പനിയും മദ്രാസിൽ സിനിമാക്കമ്പനിയുമൊക്കെയുണ്ടെന്നു പറഞ്ഞാണ് ഇന്നസെന്റ് ആലീസിനെ കല്യാണം ആലോചിച്ചത്. ആ സാമ്രാജ്യമാണു തകർന്നു വീണിരിക്കുന്നത്, ഒരുവിധത്തിലാണ് ഞാൻ അന്ന് ഇന്നസെന്റിനെ ആശ്വസിപ്പിച്ചത്,’ ശ്രീനിവാസൻ പറയുന്നു.

Content Highlight: Sreenivasan Talking About Innocent