ആദ്യ ഷോട്ടില്‍ തന്നെ അദ്ദേഹം കരഞ്ഞു; ഒരു പവര്‍ഹൗസ് പെര്‍ഫോമറാണ് ആ നടന്‍: ശ്രീനാഥ് ഭാസി
Film News
ആദ്യ ഷോട്ടില്‍ തന്നെ അദ്ദേഹം കരഞ്ഞു; ഒരു പവര്‍ഹൗസ് പെര്‍ഫോമറാണ് ആ നടന്‍: ശ്രീനാഥ് ഭാസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th May 2025, 7:36 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ശ്രീനാഥ് ഭാസി. റെഡ് എഫ്.എം 93.5ല്‍ റേഡിയോ ജോക്കി ആയിട്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. ബ്ലെസി – മോഹന്‍ലാല്‍ ചിത്രമായ പ്രണയം (2011) ആണ് ഭാസിയുടെ ആദ്യ സിനിമ.

പിന്നീട് 2012ല്‍ 22 ഫീമെയില്‍ കോട്ടയം, അരികെ, ഉസ്താദ് ഹോട്ടല്‍, അയാളും ഞാനും തമ്മില്‍, ടാ തടിയാ എന്നീ സിനിമകളുടെ ഭാഗമായി. അതില്‍ ടാ തടിയാ എന്ന സിനിമയിലൂടെയാണ് ശ്രീനാഥ് ഭാസി എന്ന നടന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാന്‍ നടന് സാധിച്ചിരുന്നു. അതില്‍ മിക്കതും ഏറെ ശ്രദ്ധിക്കപ്പെട്ടത് തന്നെയായിരുന്നു. ഇപ്പോള്‍ ഭാസിയുടേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആസാദി.

നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ വാണി വിശ്വനാഥ്, രവീണ രവി, ലാല്‍, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഒരു മെഡിക്കല്‍ ത്രില്ലര്‍ ഡ്രാമയായിട്ടാണ് ആസാദി എത്തുന്നത്.

ഇപ്പോള്‍ വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ലാലിനെ കുറിച്ച് പറയുകയാണ് ശ്രീനാഥ് ഭാസി. ഒരു പവര്‍ഹൗസ് പെര്‍ഫോമറാണ് ലാല്‍ എന്നും എല്ലാ സമയത്തും അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ഉണ്ടാകുമെന്നുമാണ് നടന്‍ പറയുന്നത്.

‘ലാലങ്കിളിനെ എനിക്ക് നേരത്തെ പരിചയമുണ്ട്. എപ്പോഴും നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളാണ് അദ്ദേഹം. എല്ലാ സമയത്തും അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ഉണ്ടാകും. ആസാദി സിനിമയില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒരു സീന്‍ ചെയ്യാന്‍ ഉണ്ടായിരുന്നു.

അതില്‍ ഫസ്റ്റ് ഷോട്ട് എടുത്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ അദ്ദേഹം കരഞ്ഞു. അതും ആദ്യ ടേക്കില്‍ തന്നെ. ഞങ്ങള്‍ വൗ എന്ന് പറഞ്ഞ് നിന്നുപോയി. വളരെ പവര്‍ഹൗസ് പെര്‍ഫോമറാണ് ലാലങ്കിള്‍,’ ശ്രീനാഥ് ഭാസി പറയുന്നു.

വാണി വിശ്വനാഥ് പൊലീസ് ഓഫീസറായി എത്തുന്ന സിനിമയാണ് ആസാദി. കരിയറിലെ നീണ്ട ബ്രേക്കിന് ശേഷം നടി ആദ്യമായി അഭിനയിക്കുന്ന ചിത്രമായിരുന്നു ഇത്. ഈ സിനിമയില്‍ താന്‍ ചെറുപ്പത്തില്‍ കണ്ട അതേ വാണിയെ തന്നെയാണ് കണ്ടതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.


Content Highlight: Sreenath Bhasi Talks About Actor Lal And Azadi Movie