മലയാള സിനിമ രംഗത്തെ നടനെന്നതിലുപരി ഗായകൻ കൂടിയാണ് ശ്രീനാഥ് ഭാസി. മുൻ റേഡിയോ ജോക്കിയായിരുന്ന ശ്രീനാഥ് സംവിധായകൻ ബ്ലെസിയുടെ 2011ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. സ്വാഭാവികമായ അഭിനയം കൊണ്ടും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്തും സിനിമയിൽ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടാൻ നടന് കഴിഞ്ഞിട്ടുണ്ട്. ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ തന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിൽ താൻ സിനിമയിൽ നിന്നും മാറി നിൽക്കാത്തതിനാൽ ഇതൊരു തിരിച്ചുവരവായ് കരുതുന്നില്ലെന്ന് പറയുകയാണ് ശ്രീനാഥ്. താരത്തിന്റെ പുതിയ ചിത്രമായ ഒറിജിനലിന്റെ പ്രമോഷനുമായ് ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.
‘കംബാക്ക്? ഞാൻ ആദ്യമേ ചോദിക്കട്ടെ, ഞാൻ എങ്ങോട്ടാണ് പോയത്? സത്യത്തിൽ ഞാൻ ഒരിടത്തേക്കും പോയിട്ടില്ല. ഞാൻ ഏതെങ്കിലും സിനിമയുമായി വരുമ്പോൾ ഇത് തന്നെ എപ്പോഴും കേൾക്കുന്നു. എന്റെ പുറത്തിറക്കുന്ന ഓരോ സിനിമയും നല്ലതാണെന്ന് എനിക്ക് ബോധ്യമുണ്ട്. ഞാൻ എപ്പോഴും നിരന്തരം ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്.

ബാച്ചിലർ പാർട്ടി ഡ്യൂ.ശ്രീനാഥ് ഭാസി.Photos.Screen Grab/IMDb
അതുകൊണ്ട് ഇതൊരു തിരിച്ചുവരവാണെന്ന് എനിക്ക് തോന്നുന്നില്ല. ഇടയ്ക്കൊന്ന് മാറിനിന്നു എന്ന് മാത്രമേയുള്ളൂ. ഞാൻ അതിൽ നന്ദിയുള്ളവനാണ്. തിരിച്ചുവരവ് എന്നൊക്കെ പറയുന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ല, അതൊക്കെ വെറും അസംബന്ധമായ കാര്യങ്ങളാണ്.’ ശ്രീനാഥ് പറഞ്ഞു.
റമീസ് സംവിധാനം ചെയ്ത ടൈം ട്രാവൽ പ്രമേയമായിട്ടുള്ള ചിത്രമാണ് ഒറിജിനൽ. ഒക്ടോബർ 23 നാണു ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഹണി ബീ, നോർത്ത് 24 കാതം, ജേക്കബിന്റെ സ്വർഗരാജ്യം, പറവ, കുമ്പളങ്ങി നൈറ്റ്സ് എന്നിവയാണ് താരത്തിന്റെ മറ്റ് സിനിമകൾ.
അമൽ നീരദ് സംവിധാനം ചെയ്ത ബാച്ചിലർ പാർട്ടി ഡ്യൂ ആണ് താരത്തിന്റേതായി ഒറിജിനലിനു ശേഷം പുറത്തിറങ്ങാനുള്ള ചിത്രം.
ബാച്ചിലർ പാർട്ടി ഡ്യൂവിലാണ് താൻ ആദ്യമായി 2X സ്പീഡിലും സ്ലോ മോഷനിലും അഭിനയിച്ചതെന്നും താരം പറഞ്ഞു. സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി സാങ്കേതിക തലത്തിൽ പുതുമയുള്ള രീതികൾ പരീക്ഷിക്കാനും അഭിനയിക്കാനും ആ സിനിമയിലൂടെ കഴിഞ്ഞുവെന്നും ശ്രീനാഥ് കൂട്ടിച്ചേർത്തു.
Content Highlight: Sreenath Bhasi stated that he had not gone anywhere to make a comeback, and added that he had absolutely no idea why people were calling it a return.
