ശ്രീനാഥ് ഭാസി നായകനാകുന്ന ആക്ഷന്‍ ചിത്രം 'പൊങ്കാല' തിയേറ്ററുകളിലേക്ക്
Malayalam Cinema
ശ്രീനാഥ് ഭാസി നായകനാകുന്ന ആക്ഷന്‍ ചിത്രം 'പൊങ്കാല' തിയേറ്ററുകളിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th October 2025, 4:39 pm

ശ്രീനാഥ് ഭാസി നായകനായെത്തുന്ന പൊങ്കാല തിയേറ്ററുകളിലേക്ക്. എ.ബി. ബിനില്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും. ആക്ഷന് പ്രധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രമായാണ് പൊങ്കാല എത്തുന്നത്.

ചിത്രത്തില്‍ ശ്രീനാഥ് ഭാസിക്ക് പുറമെ യാമി സോനാ, ബാബുരാജ്, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗ്ജിത്, മുരുകന്‍ മാര്‍ട്ടിന്‍ എന്നിവരും അഭിനയിക്കുന്നു. സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് സിനിമ പറയുന്നത്. ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ് പൊങ്കാല. 2000 കാലഘട്ടത്തില്‍ വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന സംഭവമാണ് ചിത്രം സംസാരിക്കുന്നത്.

‘കാലം കാത്തിരുന്ന നിമിഷം എത്തി. നമ്മുടെ പൊങ്കാല റിലീസ് തീയതി ഉറപ്പിച്ചു. ഈ യാത്രയുടെ ഓരോ പാഠവും നിങ്ങളുടെ സ്നേഹത്തിന്റെ അടയാളം തന്നെയായിരുന്നു.മുന്നോട്ട് പോകുമ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും അങ്ങേയറ്റം ആവശ്യമാണ്.’എന്ന അടികുറിപ്പോടെയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്.

ആക്ഷന്‍ കോമഡി ത്രില്ലര്‍ ഴോണറില്‍ വരുന്ന സിനിമ ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്, ജൂനിയര്‍ 8 ബാനറില്‍ ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ജാക്‌സണ്‍ ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് അജാസ് പൂക്കാടനാണ്. രഞ്ജിന്‍ രാജാണ് സിനിമക്ക് സംഗീതം നല്‍കിയിരിക്കുന്നത്.

Content highlight: Sreenath Bhasi’s action film ‘Pongala’ into theaters