അണ്‍കംഫര്‍ട്ടബിളായ ചോദ്യങ്ങള്‍ ചോദിച്ചിട്ട്, 'ഫണ്ണല്ലേ' എന്നാണ് അവതാരക പറയുന്നത്; ആ ഫണ്ണിനെയാണ് ഞാന്‍ തെറി വിളിച്ചത്, അവരെയല്ല: ശ്രീനാഥ് ഭാസി
Entertainment news
അണ്‍കംഫര്‍ട്ടബിളായ ചോദ്യങ്ങള്‍ ചോദിച്ചിട്ട്, 'ഫണ്ണല്ലേ' എന്നാണ് അവതാരക പറയുന്നത്; ആ ഫണ്ണിനെയാണ് ഞാന്‍ തെറി വിളിച്ചത്, അവരെയല്ല: ശ്രീനാഥ് ഭാസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th September 2022, 2:18 pm

ശ്രീനാഥ് ഭാസി നായകനായ ഏറ്റവും പുതിയ ചിത്രം ചട്ടമ്പി റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത് വലിയ വിവാദമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തില്‍ താരത്തിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അഭിമുഖത്തില്‍ താന്‍ ചെയ്തത് തെറ്റാണെന്നും എന്നാല്‍ അവതാരകരുടെ ഭാഗത്തും തെറ്റുണ്ടെന്നും പറയുകയാണ് വിവാദത്തെ കുറിച്ച് പ്രതികരിച്ചുകൊണ്ട് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി. താന്‍ പെരുമാറിയ രീതി തെറ്റാണെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നും ഭാസി പറഞ്ഞു.

അഭിമുഖത്തില്‍ ചെറിയ ചെറിയ ഹരാസ്‌മെന്റുകള്‍ കേട്ട് അര മണിക്കൂറിലധികം കഴിഞ്ഞപ്പോഴാണ് താന്‍ പൊട്ടിത്തെറിച്ച് പോയത്. ഇതില്‍ സിനിമയുടെ പ്രൊഡ്യൂസറോ അവതാരകരോ അല്ല കുറ്റക്കാരന്‍, താനാണ് തെറ്റ് ചെയ്തതെന്നും അതില്‍ മാപ്പ് പറയുന്നുവെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. അതേസമയം അവതാരകരുടെ ചോദ്യവും പെരുമാറ്റവും മോശവും മാനസികമായി വളരെയധികം വിഷമിപ്പിക്കുന്നതുമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

”ചോദ്യങ്ങള്‍ ചോദിച്ച് ഇതെല്ലാം ഫണ്ണല്ലേ എന്നാണ് അവതാരക പറഞ്ഞത്. ആ ഫണ്ണിനെയാണ് ഞാന്‍ പിന്നെ തെറി വിളിച്ചത്, അവരെയല്ല. അപ്പുറത്തിരുന്ന അവതാരകര്‍ക്ക് ഇത് വിഷമമുണ്ടാക്കിയിട്ടുണ്ടാവും എന്ന് എനിക്ക് മനസിലാക്കാം.

തെറ്റ് എന്റെ ഭാഗത്തായത് കൊണ്ട് സോറി പറയാന്‍ ഞാന്‍ ഇനീഷ്യേറ്റീവ് എടുത്തിരുന്നു. സോറി പറയാന്‍ ഞാന്‍ ഇവരെ രണ്ടാമത് വിളിപ്പിച്ചു.

നല്ല രീതിയില്‍ സംസാരിക്കാന്‍ വേണ്ടി ഞാന്‍ കസേരയൊക്കെ ഇട്ടുകൊടുത്തു. ‘തന്റെ ആതിഥേയത്വം കാണാനല്ല ഇവിടെ വന്നത്,’ എന്നൊക്കെ അവര് പറഞ്ഞു. സംസാരം നല്ല രീതിയില്‍ നടന്നില്ല, അവര്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്യും എന്നായപ്പോള്‍, ശരി ചേച്ചീ എന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്നും പോന്നു.

ഇവര് എന്നെ മാത്രമല്ലല്ലോ പറയുന്നത്. എന്റെ ഈ ജനറേഷനിലുള്ള എല്ലാ ആക്ടേഴ്‌സിനെയും ഇവരിങ്ങനെ ചൂഷണം ചെയ്യാറുള്ളതല്ലേ. ഞാന്‍ മാത്രമല്ലല്ലോ. ഞാന്‍ എന്റെ ഫ്രണ്ട്‌സിന്റെ പേര് പറയേണ്ടതില്ല, നിങ്ങള്‍ക്കെല്ലാവര്‍ക്കും അവരെ അറിയാം. ആ കണ്ടന്റാണ് ആളുകള്‍ക്ക് വേണ്ടത്.

അതിന് മാക്‌സിമം ബലിയാടാവാതിരിക്കുക എന്നതാണ് ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ പറ്റുന്നത്. എനിക്ക് എല്ലാ ഇന്റര്‍വ്യൂകളും വേണ്ട, ചില നല്ല ഇന്റര്‍വ്യൂകള്‍ മാത്രം മതി എന്ന് ഞാന്‍ പ്രൊഡക്ഷന്‍ ടീമിനോട് സജസ്റ്റ് ചെയ്തിരുന്നു.

ഞാന്‍ വളരെ സെന്‍സിബിളാണ്. ഞാന്‍ അറ്റാക്ക് ചെയ്യപ്പെട്ടാല്‍ മാത്രമേ റിയാക്ട് ചെയ്യൂ. ഈ സന്ദര്‍ഭങ്ങളിലൊക്കെ അങ്ങനെയൊരു അറ്റാക്ക് എനിക്ക് മനസിലാകും.

ഞാന്‍ സാധാരണ ഒരു ചെക്കനാണ്. ഇവിടെ ഗോഡ്ഫാദര്‍മാരോ ഒന്നുമില്ല. എന്റെ അച്ഛന്‍ ഒരു സാധാരണക്കാരനാണ്, അമ്മ ഒരു പോസ്റ്റ് വുമണാണ്. എനിക്ക് ടി.വിയുടെ ഫ്രണ്ടിലിരുന്ന് കരയാന്‍ വയ്യ.

അവര്‍ക്ക് ചിലപ്പൊ സുഖവും ‘ഫണ്ണും’ കണ്ടന്റും ഒക്കെയായിരിക്കും. പക്ഷെ ഈ അറ്റാക്ക് ശരിയല്ല. ഇറ്റ് മേക്ക്‌സ് എ പേഴ്‌സണ്‍ സൂയ്‌സൈഡല്‍. (It makes a person suicidal).

ഇതിന്റെ കമന്റ്‌സൊക്കെ നമ്മളെ മാനസികമായി വല്ലാതെ തളര്‍ത്തും. നമ്മളെ ഇവര്‍ എങ്ങനെയാണ് കാണിക്കുന്നത്. അതുകൊണ്ടാണ് എനിക്ക് ഇന്റര്‍വ്യൂകളില്‍ വരാന്‍ താല്‍പര്യമില്ലാത്തത്. എന്നെ ആള്‍ക്കാര് ഇങ്ങനെ കാണേണ്ട, എന്റെ സിനിമകള്‍ കണ്ടാല്‍ മതി,” ശ്രീനാഥ് ഭാസി പറഞ്ഞു.

Content Highlight: Sreenath Bhasi opens up about the controversy related to the behavior towards anchor