മലയാള സിനിമയിൽ ശ്രദ്ധേയനായ നടനാണ് ശ്രീനാഥ് ഭാസി. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും സ്വാഭാവിക അഭിനയശൈലിയിലൂടെയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരം, വിജയവും പരാജയവും ഒരുപോലെ സ്വീകരിച്ച് മുന്നോട്ട് പോകുന്നതാണ് തന്റെ ജീവിത തത്വമെന്ന് തുറന്നു പറഞ്ഞു. അതോടൊപ്പം മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു.
ശ്രീനാഥ് ഭാസി, Photo: IMDb
2011-ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് ഭാസി സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് ഡാ തടിയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം, മലയാള സിനിമയിലെ യുവതലമുറയിലെ പ്രധാന അഭിനേതാക്കളിലൊരാളായി വളർന്നു.
ഒരു അഭിമുഖത്തിനിടെയാണ് വിജയത്തെയും പരാജയത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് താരം പങ്കുവെച്ചത്. ‘സക്സസ് വന്നാലും ഫെയിലിയർ വന്നാലും അവിടെ തങ്ങിനിൽക്കാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുക എന്നതാണ് എന്റെ പോളിസി.
വെറുതെ അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നാൽ ഒന്നും ലഭിക്കില്ല. സംഭവിച്ചത് എന്താണോ അത് അംഗീകരിച്ച് മുന്നോട്ട് പോകണം. അത്രയേയുള്ളൂ,’ എന്നാണ് ഭാസി പറഞ്ഞത്.
കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധ പുലർത്താറുണ്ടെന്നും താരം വ്യക്തമാക്കി. മികച്ച സിനിമകളുടെ ഭാഗമാകാൻ ശ്രമിക്കാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ പ്രതീക്ഷിച്ച നിലവാരത്തിലെത്താത്ത സിനിമകളിലും അഭിനയിക്കേണ്ടി വരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘നല്ലൊരു സിനിമ ചെയ്തിരിക്കുന്ന സമയത്തായിരിക്കും അത്ര നല്ലതല്ലാത്ത ഒരു സിനിമ വരുന്നത്. ചിലപ്പോൾ സാഹചര്യങ്ങൾ കാരണം അത് ചെയ്യേണ്ടി വരും. എന്നാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്,’ ഭാസി പറഞ്ഞു.
ഇപ്പോഴത്തെ മലയാള സിനിമയുടെ വളർച്ച അഭിനേതാക്കൾക്കും കൂടുതൽ ഉത്തരവാദിത്തം നൽകുന്നുണ്ടെന്നും താരം അഭിപ്രായപ്പെട്ടു. ‘മലയാള സിനിമ ഇന്ന് ഒരുപാട് വളർന്നുകഴിഞ്ഞു. അതുകൊണ്ട് കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുമ്പോഴും ആ നിലവാരം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നിനെക്കുറിച്ചും ഭാസി തുറന്നു സംസാരിച്ചു. ‘എനിക്ക് ലാലേട്ടനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അഭിനയം ഞാൻ ഏറെ ആസ്വദിക്കുന്നു. എന്ത് കഥാപാത്രമാണെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കണം എന്നത് എന്റെ വലിയ ആഗ്രഹമാണ്,’ എന്നാണ് താരം പറഞ്ഞത്.
Content Highlight: Sreenath basi talk about Mohanlal
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.