ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക്
തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്.
എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് അഡ്വ.സി.കെ വിദ്യാസാഗര്‍ ചെയര്‍മാനും മുന്‍ രാജ്യസഭാ എം.പി സി.ഹരിദാസ്, എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് സയന്‍സിലെ പ്രൊഫസര്‍ ഡോ.രാജേഷ് കോമത്ത് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ശ്രീനാരായണ ആശയങ്ങളേയും, സ്ഥാപനങ്ങളേയും സങ്കുചിത വര്‍ഗീയ താല്‍പര്യങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സ്വജീവതം തന്നെ സമര്‍പ്പിച്ച ശാശ്വതീകാനന്ദ സ്വാമിയുടെ പേരിലുള്ള സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള പുരസ്‌കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സമ്മാനിക്കുന്നതിലൂടെ ഗുരു നിര്‍വഹിച്ച ചരിത്രപരമായ സാംസ്‌കാരിക ദൗത്യത്തെ സമകാലിക സാഹചര്യത്തില്‍ ആവിഷ്‌കരിക്കുക കൂടിയാണ് ചെയ്യുന്നതെന്നും ജൂറി അറിയിച്ചു.
‘കഴിഞ്ഞ ഏഴു ദശാബ്ദങ്ങളായി കേരളീയ സാമൂഹിക പരിസരത്തിലെ സജീവ സാനിധ്യമാണ് ശ്രീ. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. സ്വാതന്ത്ര്യ പൂര്‍വ മലബാറിലെ അതി സാധാരണമായ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച്, ആഗോള അംഗീകാരം നേടിയ മുസ്‌ളീം പണ്ഡിതന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അത്ഭുതകരവും അനിതരസാധാരണവും, മുന്‍ മാതൃകകള്‍ ഇല്ലാത്തതും ആണ്.
മുസ്ലിം മത പണ്ഡിതന്‍, സമുദായ നേതാവ് എന്നീ നിലകളില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്ര്യാനന്തര കേരളത്തിലെ മുസ്ലിം സാമൂഹികതയുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്.
ഈ മുസ്ലിം സാമൂഹികതയുടെ കൂടി ഫലവും പരിച്ഛേദമാണ് കേരളീയ പൊതുമണ്ഡലവും വിവിധ മേഖലകളില്‍ കേരളം നേടിയ മാതൃകാപരമായ നേട്ടങ്ങളും.
ആ അര്‍ഥത്തില്‍ ആധുനിക കേരളത്തിന്റെ രൂപീകരണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പിന്നാക്ക ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കുന്നതില്‍ അദ്ദേഹം നടത്തിയ പോരാട്ട സമാനമായ മുന്നേറ്റങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്.
പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിച്ചു കൊണ്ട് ശ്രീ. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ രൂപപ്പെടുത്തിയ സവിശേഷമായ കേരളീയ മുസ്ലിം വികസന മാതൃക ഇന്നു പല ഇന്ത്യന്‍ സംസ്ഥാനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതിന്റെ പൊരുളും മറ്റൊന്നല്ല.
ഇസ്ലാമിന്റെ ധര്‍മ ശാസ്ത്ര ബോധ്യങ്ങളില്‍ നിന്നുകൊണ്ട് തന്നെ, ഇതര സമൂഹങ്ങളുമായുള്ള സഹോദര്യപൂര്‍ണ്ണമായ സഹവര്‍ത്തിത്വം സാധ്യമാക്കുക വഴി, മലയാള ദേശത്തിന്റെ സഹജമായ സൗഹൃദപാരമ്പര്യത്തെ പ്രോജ്ജ്വലിപ്പിച്ചു നിര്‍ത്തുകയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ചെയ്തത്.
സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിക്കുമ്പോഴും മറ്റുള്ളവരുടെ ഒരവകാശവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും ആരെയും വേദനിപ്പിക്കാതിരിക്കാനും അദ്ദേഹം കാണിക്കുന്ന കരുതല്‍ സമുദായ നേതാക്കള്‍ക്കുള്ള മികച്ച മാതൃകയാണ്.
സ്വസമുദായത്തിന്റെ ശാക്തീകരണത്തിനു വേണ്ടി നടത്തുന്ന മുന്നേറ്റങ്ങളുടെയും നേട്ടങ്ങളുടെയും ഗുണഫലം സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭിക്കത്തക്ക വിധത്തില്‍ വിന്യസിക്കാനുള്ള അദ്ദേഹത്തിന്റെ ശേഷിയും സന്നദ്ധതയും സാമുദായികത എന്ന ആശയത്തെ തന്നെ പുനര്‍ നിര്‍വചിക്കുന്നുണ്ട്.
സാമുദായികതയും വര്‍ഗീയതയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തുവരുന്ന ഇക്കാലത്ത്, അവ തമ്മിലുള്ള വ്യത്യാസത്തെ അടയാളപ്പെടുത്തുന്ന പ്രതീക്ഷാ നിര്‍ഭരമായ സാന്നിധ്യമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടേത്. മാനവികത, സാഹോദര്യം എന്നീ അടിസ്ഥാനപരമായ മൂല്യങ്ങളില്‍ ഉറച്ചു നിന്നു കൊണ്ടും സാമുദായിക ശാക്തീകരണം സാമൂഹിക വികസനം എന്നിയവയെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും ശ്രീ നാരായണ ഗുരു മുന്നോട്ടുവെച്ച സാമൂഹിക മാറ്റത്തിന്റെ മറ്റൊരു തരത്തിലുള്ള ആവിഷ്‌ക്കാരമാണ് ശ്രീ. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുന്നോട്ടു വെക്കുന്നത്.
ഗുരു ചിന്തകളെയും കേരളത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഇത്തരം ആവിഷ്‌കാരങ്ങള്‍ക്കുള്ള പങ്കിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് ‘ശ്രീനാരായണ ഗുരു സഹോദര്യ പുരസ്‌കാരത്തിനു’ ശ്രീ. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പേര് നിര്‍ദേശിക്കുക വഴി ചെയ്തിരിക്കുന്നതെന്ന് ജൂറി വിലയിരുത്തി.
യെമനില്‍ തടവില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച് ചര്‍ച്ചയ്ക്ക് അവസരമൊരുക്കിയത് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ ഇടപെടലിലൂടെയായിരുന്നു.
ഇതിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ തന്നെ വിഷയത്തില്‍ നടന്നു. കാന്തപുരത്തിന്റെ ഇടപെടലിനെ പിന്തുണച്ചും അദ്ദേഹത്തെ അഭിനന്ദിച്ചും കേരളത്തിലെ വലിയൊരു വിഭാഗം രംഗത്തെത്തിയപ്പോള്‍ ചിലര്‍ കാന്തപുരത്തിന്റെ ഇടപെടലിനെ വിമര്‍ശിക്കുകയായിരുന്നു.
വിഷയത്തില്‍ കാന്തപുരത്തിനെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശനമുന്നയിച്ചപ്പോള്‍ കാന്തപുരത്തെ പിന്തുണച്ചുകൊണ്ട് എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് അഡ്വ.സി.കെ വിദ്യാസാഗര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
Content Highlight: Sreenarayana Guru Award for Kanthapuram AP Aboobacjer Musliyar