ആ നടനോട് എനിക്ക് വലിയ ആരാധന; അദ്ദേഹത്തിന് ഗണപതി ഭഗവാന്റെ ഒരു ഛായയുള്ളതായി തോന്നിയിട്ടുണ്ട്: ശ്രീലത നമ്പൂതിരി
Entertainment
ആ നടനോട് എനിക്ക് വലിയ ആരാധന; അദ്ദേഹത്തിന് ഗണപതി ഭഗവാന്റെ ഒരു ഛായയുള്ളതായി തോന്നിയിട്ടുണ്ട്: ശ്രീലത നമ്പൂതിരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st January 2025, 11:06 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശ്രീലത നമ്പൂതിരി. 1967ല്‍ സത്യനും മധുവും ഷീലയും ഒന്നിച്ച ഖദീജ എന്ന സിനിമയിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. ഇതുവരെ 300ലധികം സിനിമകളില്‍ അഭിനയിക്കാന്‍ ശ്രീലതക്ക് സാധിച്ചിട്ടുണ്ട്.

തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ ആരാണെന്ന് പറയുകയാണ് നടി. നടന്‍ ശിവാജി ഗണേശനോട് തനിക്ക് വലിയ ആരാധനയാണെന്നാണ് ശ്രീലത പറയുന്നത്. ശിവാജി ഗണേശന്‍ അഭിനയിച്ച തില്ലാന മോഹനാംബാള്‍ ആണ് താന്‍ ആദ്യം കണ്ട തമിഴ് സിനിമയെന്നും നടി പറയുന്നു.

ശിവാജി ഗണേശന് ഗണപതി ഭഗവാന്റെ ഒരു ഛായ ഉള്ളതായി തോന്നിയിട്ടുണ്ടെന്നും ഓവര്‍ ആക്ടിങ് ഇല്ലാത്ത ഒരു മികച്ച നടനായിരുന്നു അദ്ദേഹമെന്നും ശ്രീലത നമ്പൂതിരി കൂട്ടിച്ചേര്‍ത്തു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ശിവാജി ഗണേശനോട് എനിക്ക് വലിയ ആരാധനയാണ്. അദ്ദേഹം അഭിനയിച്ച തില്ലാന മോഹനാംബാള്‍ ആണ് ഞാന്‍ ആദ്യം കണ്ട തമിഴ് സിനിമ. അദ്ദേഹത്തിന് ഒരു പ്രത്യേകതയുണ്ട്. ഗണപതി ഭഗവാന്റെ ഒരു ഛായ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ഓവര്‍ ആക്ടിങ് ഇല്ലാത്ത ഒരു മികച്ച നടനായിരുന്നു അദ്ദേഹം,’ ശ്രീലത നമ്പൂതിരി പറഞ്ഞു.

കരിയറില്‍ എന്നെങ്കിലും പ്രൊഫഷണല്‍ ജെലസി നേരിട്ടിരുന്നോ എന്ന ചോദ്യത്തിനും നടി അഭിമുഖത്തില്‍ മറുപടി പറഞ്ഞു. പണ്ട് അത് തങ്ങള്‍ പുറത്ത് കാണിച്ചിരുന്നില്ലെന്നും താന്‍ കോമഡിയില്‍ നിന്ന് നായികവേഷം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കുറച്ച് മുറുമുറുപ്പ് ഒക്കെ ഉണ്ടായിരുന്നെന്നും ശ്രീലത നമ്പൂതിരി പറയുന്നു.

‘പ്രൊഫഷണല്‍ ജെലസിയൊക്കെ അന്നേ നേരിട്ടിരുന്നോ എന്ന് ചോദിച്ചാല്‍ അതൊക്കെ എല്ലാ മേഖലയിലും ഉണ്ടല്ലോ. അന്നും ഉണ്ടായിരുന്നു. പക്ഷേ അത് ഞങ്ങള്‍ പുറത്ത് കാണിച്ചിരുന്നില്ല.

ഞാന്‍ കോമഡിയില്‍ നിന്ന് നായികവേഷം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കുറച്ച് മുറുമുറുപ്പ് ഒക്കെ ഉണ്ടായിരുന്നു. എങ്കിലും അന്ന് എല്ലാവര്‍ക്കും പരസ്പരം സ്നേഹമായിരുന്നു,’ ശ്രീലത നമ്പൂതിരി പറയുന്നു.

Content Highlight: Sreelatha Namboothiri Talks About Shivaji Ganeshan