സത്യനും മധുവും ഷീലയും ഒന്നിച്ച ഖദീജ (1967) എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് ശ്രീലത നമ്പൂതിരി. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായി മാറാന്‍ ശ്രീലതക്ക് സാധിച്ചിരുന്നു. മലയാളത്തിലെ അനശ്വരനടനായ ജയനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ശ്രീലത നമ്പൂതിരി.
ജയന്റെ ആദ്യ സിനിമയായ ശാപമോക്ഷം മുതല്‍ അവസാനചിത്രമായ കോളിളക്കത്തിലും ശ്രീലത ചെറിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ആദ്യമായി ജയനെ കണ്ടത് അയാള്‍ സിനിമയിലെത്തുന്നതിന് മുമ്പായിരുന്നെന്ന് ശ്രീലത നമ്പൂതിരി പറഞ്ഞു. ജോസ് പ്രകാശിന്റെ മകന്റെ വിവാഹ ചടങ്ങിന് താന്‍ പോയിരുന്നെന്നും അന്ന് അവിടെ ജയനും ഉണ്ടായിരുന്നെന്നും ശ്രീലത കൂട്ടിച്ചേര്‍ത്തു.
ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് വരാന്‍ ശ്രമിക്കുന്ന ആളാണെന്ന് തന്നോട് പറഞ്ഞെന്നും ഏതെങ്കിലും സിനിമയില്‍ അവസരമുണ്ടെങ്കില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടെന്നും ശ്രീലത പറഞ്ഞു. തന്റെ സിനിമകളെല്ലാം കണ്ടിട്ടുണ്ടെന്ന് ജയന്‍ പറഞ്ഞെന്നും താന്‍ അന്ന് അത്യാവശ്യം അറിയപ്പെടുന്ന സിനിമാനടിയായിരുന്നെന്നും ശ്രീലത കൂട്ടിച്ചേര്‍ത്തു.
അഭിനയത്തോട് ഒരുപാട് ആഗ്രഹമുണ്ടായിരുന്ന ആളായിരുന്നു ജയനെന്നും ശ്രീലത പറഞ്ഞു. പിന്നീട് ജോസ് പ്രകാശിന്റെ മകനും ജയനെ റെക്കമെന്‍ഡ് ചെയ്യണമെന്ന കാര്യം തന്നോട് പറഞ്ഞെന്നും ശ്രീലത കൂട്ടിച്ചേര്‍ത്തു. സിനിമയിലെത്തിയ ശേഷം അദ്ദേഹം വളരെ പെട്ടെന്ന് സൂപ്പര്‍സ്റ്റാറായി മാറിയെന്നും ശ്രീലത നമ്പൂതിരി പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ശ്രീലത നമ്പൂതിരി.
‘ജയന്‍ സിനിമയിലെത്തുന്നതിന് മുന്നേ ഞാന്‍ പുള്ളിയെ കണ്ടിട്ടുണ്ട്. ജോസ് പ്രകാശ് ചേട്ടന്റെ മകന്‍ രാജന്‍ ജോസിന്റെ കല്യാണത്തിന് വെച്ചാണ് ആദ്യമായി കണ്ടത്. അന്ന് ഞാന്‍ കല്യാണസ്ഥലത്ത് ഇരിക്കുമ്പോള്‍ ജയന്‍ ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നു. അന്ന് കൃഷ്ണന്‍ നായര്‍ എന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. സിനിമയിലെത്തിയതിന് ശേഷമാണ് അദ്ദേഹം പേര് മാറ്റിയത്.
‘ജോലിയൊക്കെ ഉപേക്ഷിച്ച് നില്‍ക്കുകയാണ്. എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം. എന്നെ ഏതെങ്കിലുമൊക്കെ സിനിമയില്‍ റെക്കമെന്‍ഡ് ചെയ്യണം’ എന്ന് അദ്ദേഹം പറഞ്ഞു. അന്ന് ഞാന്‍ അത്യാവശ്യം സിനിമകളൊക്കെ ചെയ്ത് നില്‍ക്കുന്ന സമയമായിരുന്നു.
പിന്നീട് രാജന്‍ ജോസും ഇതേ കാര്യം എന്നോട് ആവശ്യപ്പെട്ടു. ‘നിങ്ങളൊക്കെ ഒരുപാട് സിനിമ ചെയ്യുന്നതല്ലേ, ഒരു പടത്തില്‍ റെക്കമെന്‍ഡ് ചെയ്യണം’ എന്ന് പറഞ്ഞു. സിനിമയിലെത്തിയതിന് ശേഷം വളരെ പെട്ടെന്ന് അദ്ദേഹം ഒരു സൂപ്പര്‍സ്റ്റാറായി മാറി,’ ശ്രീലത നമ്പൂതിരി പറഞ്ഞു.
Content Highlight: Sreelatha Namboothiri shares the memory of first meeting with actor Jayan