'സാര്‍ വലിയ ദേഷ്യക്കാരനാണെന്ന് പറയുന്നു, ഷൂട്ടിങ് സമയത്ത് ആര്‍ട്ടിസ്റ്റുകളുടെ മുമ്പില്‍ വെച്ചെന്നെ വഴക്കുപറയരുത്' എന്ന് ആ നടി പറഞ്ഞു: ശ്രീകുമാരന്‍ തമ്പി
Entertainment
'സാര്‍ വലിയ ദേഷ്യക്കാരനാണെന്ന് പറയുന്നു, ഷൂട്ടിങ് സമയത്ത് ആര്‍ട്ടിസ്റ്റുകളുടെ മുമ്പില്‍ വെച്ചെന്നെ വഴക്കുപറയരുത്' എന്ന് ആ നടി പറഞ്ഞു: ശ്രീകുമാരന്‍ തമ്പി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th June 2025, 4:24 pm

നടി ശ്രീവിദ്യയെ കുറിച്ച് സംസാരിക്കുകയാണ് ശ്രീകുമാരന്‍ തമ്പി. എല്ലാവരുടെയും മുന്നില്‍ വെച്ച് തന്നെ വഴക്ക് പറയരുതെന്നും താന്‍ വളരെ സെന്‍സിറ്റീവ് ആണെന്നും ഒരിക്കല്‍ ശ്രീവിദ്യ തന്നോട് പറഞ്ഞെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു.

‘വേനലില്‍ ഒരു മഴ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. തുടക്കം അരുവിക്കര ഡാമിന്റെ പരിസരപ്രദേശത്തായിരുന്നു. തലേന്നാള്‍ തന്നെ നായകനായി അഭിനയിക്കുന്ന മധുച്ചേട്ടന്‍ ഒഴികെയുള്ളവരെല്ലാം അവിടെയെത്തിച്ചേര്‍ന്നു. ഞാന്‍ അവിടെ ദീപാരാധന തൊഴുതിറങ്ങുമ്പോള്‍ ശ്രീവിദ്യ അവരെ സഹായിക്കുന്ന സ്ത്രീയോടൊപ്പം എന്നോട് സംസാരിക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്തു.

കുശലപ്രശ്‌നങ്ങള്‍ക്ക് ശേഷം വിദ്യ പറഞ്ഞു. ‘തമ്പി സാര്‍, ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ എന്നെ തെറ്റിദ്ധരിക്കരുത്. സാര്‍ വലിയ ദേഷ്യക്കാരനാണെന്ന് എല്ലാരും പറയുന്നു. ദയവു ചെയ്ത് ഷൂട്ടിങ് സമയത്ത് മറ്റ് ആര്‍ട്ടിസ്റ്റുകളുടെ മുമ്പില്‍ വെച്ച് എന്നെ വഴക്കുപറയരുത്. തെറ്റ് എന്റെ ഭാഗത്തുനിന്നുണ്ടായാല്‍ എന്നെ മാറ്റിനിര്‍ത്തി അഡൈ്വസ് ചെയ്യണം.

പെട്ടെന്ന് ഇമോഷണല്‍ ആകുന്ന സ്വഭാവമാണ് എന്റേത്. അത് തെറ്റാണെന്ന് എനിക്കറിയാം. ബട്ട് ഐ ക്യാനോട്ട് കണ്‍ട്രോള്‍ ഇറ്റ്. എനിക്ക് വലിയ റോളുകള്‍ തന്ന കെ.ബാലചന്ദര്‍ സാറിനോടുപോലും ഒന്ന് രണ്ടു പ്രാവശ്യം ഞാന്‍ തര്‍ക്കുത്തരം പറഞ്ഞിട്ടുണ്ട്’ എന്ന്.

ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഇന്നേവരെ ഒരു നടനെയും നടിയെയും ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ഞാന്‍ ശകാരിച്ചിട്ടില്ല. പക്ഷേ, ജനങ്ങള്‍ സിനിമയെക്കുറിച്ച് എത്ര മോശമായി സംസാരിച്ചാലും എന്റെ കണ്ണില്‍ ഷൂട്ട് നടക്കുന്ന സ്ഥലം ഒരു ദേവാലയമാണ്. അവിടെ അച്ചടക്കവും പരിശുദ്ധിയും വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഒരു നടനും മദ്യപിച്ച് സെറ്റില്‍ വരാന്‍ ഞാന്‍ സമ്മതിക്കത്തില്ല. ഷോട്ട് റെഡി ആയി എന്ന് അറിയിച്ചുകഴിഞ്ഞും അത് ഗൗനിക്കാതെ സല്ലപിച്ചുകൊണ്ടിരിക്കാന്‍ ഞാന്‍ നടീനടന്മാരെ അനുവദിക്കത്തില്ല. ഇതിന്റെ പേര് മുന്‍കോപം എന്നല്ല, ഡിസിപ്ലിന്‍ എന്നാണ്’ എന്ന്,’ ശ്രീകുമാരന്‍ തമ്പി പറയുന്നു.

Content Highlight:  Sreekumaran Thambi Talks About Sreevidhya