ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത് 1981ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മുന്നേറ്റം. മേനക, മമ്മൂട്ടി, രതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ അടൂര്‍ ഭാസി, ജഗതി ശ്രീകുമാര്‍, ബീന,ജലജ, സുമലത എന്നിവരും അഭിനയിച്ചിരുന്നു. ശിവകുമാര്‍, രജിനികാന്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വന്ന ഭുവന ഒരു കേള്‍വിക്കുറി എന്ന സിനിമയുടെ റീമേക്കാണിത്.
മുന്നേറ്റം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ശ്രീകുമാരന്‍ തമ്പി. മുന്നേറ്റവും തൊട്ടു പിന്നാലെ വന്ന തൃഷ്ണയും അതിനുശേഷം വന്ന യവനികയുമാണ് മമ്മൂട്ടിയെ നായകസ്ഥാനത്ത് നിര്‍ത്തിയതെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. മേനകയ്ക്ക് അവരുടെ അഭിനയപാടവം മുഴുവന്‍ പ്രകടിപ്പിക്കാനുള്ള അവസരം നല്‍കിയ ചിത്രമാണ് മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തമിഴ് സാഹിത്യകാരന്‍ മഹര്‍ഷി എഴുതിയ നോവലിനെ ആധാരമാക്കി എസ്.പി.മുത്തുരാമന്‍ സംവിധാനം ചെയ്ത ‘ഭുവന ഒരു കേള്‍വിക്കുറി’ എന്ന തമിഴ് സിനിമയുടെ കഥ തന്നെയായിരുന്നു ‘മുന്നേറ്റ’ത്തിനും അവലംബം. സ്‌നേഹിക്കുന്ന പുരുഷനാല്‍ വഞ്ചിക്കപ്പെടുകയും ഗര്‍ഭിണിയായി അനാഥത്വത്തില്‍ വീഴുകയും ചെയ്യുന്ന ഭുവനയെ അവളുടെ കാമുകന്റെ നല്ലവനായ സുഹൃത്ത് ഭാര്യയായി സ്വീകരിക്കുകയും അവളുടെ കുട്ടിയുടെ അച്ഛന്‍ താനാണെന്ന് സമൂഹത്തോട് പറയുകയും ചെയ്യുന്നു.
മലയാളിയായ സുമിത്രയാണ് തമിഴ് പടത്തില്‍ നായികയായത്. മലയാളത്തില്‍ ഈ കഥാപാത്രത്തെ തമിഴ്നാട്ടുകാരിയായ മേനക അവതരിപ്പിച്ചു. മുന്നേറ്റത്തില്‍ നായികയുടെ പേര് നിര്‍മ്മല എന്നായിരുന്നു. കാമുകിയെ വഞ്ചിച്ച് പണക്കാരിയായ പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്ന കാമുകനായി രതീഷും ഗര്‍ഭിണിയായ അവളെ ഭാര്യയായി സ്വീകരിച്ച് കുട്ടിയുടെ പിതൃത്വം ഏറ്റെടുത്ത് രണ്ടുപേരെയും സംരക്ഷിക്കുന്ന കഥാപാത്രമായി മമ്മൂട്ടിയുമാണ് അഭിനയി ച്ചത്.
മുന്നേറ്റവും തൊട്ടു പിന്നാലെ വന്ന തൃഷ്ണയും അതിനുശേഷം വന്ന യവനികയുമാണ് മമ്മൂട്ടിയെ നായകസ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തിയത്
മുന്നേറ്റവും തൊട്ടു പിന്നാലെ വന്ന തൃഷ്ണയും അതിനുശേഷം വന്ന യവനികയുമാണ് മമ്മൂട്ടിയെ നായകസ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തിയത്. മുന്നേറ്റത്തില്‍ രതീഷ് വിവാഹം കഴിക്കുന്ന പണക്കാരി യുവതിയായി സുമലത വന്നു. മേനകയ്ക്ക് അവരുടെ അഭിനയപാടവം മുഴുവന്‍ പ്രകടിപ്പിക്കാനുള്ള അവസരം നല്‍കിയ ചിത്രമാണ് മുന്നേറ്റം.
സ്വയം മറന്ന് കാമുകന് വഴങ്ങിക്കൊടുക്കുന്ന കാമുകിയുടെ പ്രണയഭാവവും വഞ്ചിക്കപ്പെടുന്ന സ്ത്രീയുടെ ആകുലതകളും മറ്റൊരാളിന്റെ കുട്ടിയെ സ്വന്തം കുട്ടിയായി സ്വീകരിച്ച് തന്റെ മാനം കാത്ത ത്യാഗസമ്പന്നനായ ഭര്‍ത്താവിനോടുള്ള കടപ്പാടും മേനക നന്നായി അവതരിപ്പിച്ചു,’ ശ്രീകുമാരന്‍ തമ്പി പറയുന്നു.