എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. വടക്കന്‍പാട്ട് കഥകളെ ആധാരമാക്കി അണിയിച്ചൊരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. നാല് ദേശീയ അവാര്‍ഡുകളും എട്ട് സംസ്ഥാന അവാര്‍ഡുകളും നേടിയ ചിത്രം ഇന്നും ക്ലാസിക്കായി വാഴ്ത്തപ്പെടുന്നുണ്ട്. ഫെബ്രുവരി ഏഴിന് ചിത്രം റീ റിലീസ് ചെയ്തിരുന്നു.
ഒരു വടക്കന്‍ വീരഗാഥയില്‍ ഹരിഹരന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച സംവിധായകന്‍ ശ്രീകുമാര്‍ കൃഷ്ണന്‍ നായര്‍ വടക്കന്‍ വീരഗാഥയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ്. തിരക്കഥാകൃത്ത് എം.ടി വാസുദേവന്‍ നായര്‍ തങ്ങളോട് കളരിയിലെ 19ാമത്തെ അടവ് കണ്ടുപിടിക്കാന്‍ പറഞ്ഞെന്നും അത് അന്വേഷിച്ച് കേരളത്തിലെ കളരി മൊത്തം കറങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീകുമാര്‍.
‘ഒരു വടക്കന്‍ വീരഗാഥ ചെയ്യുന്ന സമയത്ത് എം.ടി പറഞ്ഞു, ‘ഒരു 19ാമത്തെ അടവുണ്ട്, പോയി കണ്ടുപിടിക്ക്’ എന്ന്. ഞങ്ങള്‍ എവിടെ പോയി കണ്ട് പിടിക്കാനാണ്. അങ്ങനെ ഞങ്ങള്‍ 19ാമത്തെ അടവ് കണ്ടുപിടിക്കാന്‍ കേരളത്തിലെ കളരി മൊത്തം കറങ്ങി നടന്നു. 19ാമത്തെ അടവുണ്ടെന്ന് പലരും ഞങ്ങളോട് പറഞ്ഞു. പക്ഷെ അതൊന്നും സിനിമാറ്റിക്കല്ല. ചൂണ്ട് മര്‍മം ആണെന്ന് പറഞ്ഞവര്‍ വരെയുണ്ട്. കൂടിയാല്‍ നില്‍ക്കുന്നത്. പക്ഷെ പ്രാക്ടിക്കലായിട്ട് സംവിധായകന് അത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ആര്‍ക്കും പെട്ടന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്.
അങ്ങനെ റിലീസിന്റെ രണ്ടാഴ്ച മുമ്പാണ് ഞങ്ങള്‍ എം.ടി സാറിന്റെ അടുത്ത് പോയി 19ാമത്തെ അടവെന്ന ഒരു കാര്യം ഇല്ലെന്ന് പറയുന്നത്. അങ്ങനെയാണ് അദ്ദേഹം, 19ാമത്തെ അടവ് എനിക്കറിയാമെന്നും അത് പ്രയോഗിച്ചാല്‍ നിങ്ങളുടെ ജീവന് ഹാനിവരുമെന്ന് ധരിപ്പിക്കുന്ന സീനാക്കി മാറ്റുന്നത്.
19ാമത്തെ അടവ് അറിയുന്ന ഒരാള്‍ പറയുന്നതുപോലെ കാണികളെ വിശ്വസിപ്പിക്കുന്ന തരത്തിലേക്ക് എം.ടി ആ സീന്‍ ക്രിയേറ്റ് ചെയ്തു.
എന്ത് പവര്‍ഫുള്‍ സീനായിരുന്നു അത്! ഡയലോഗിലൂടെയാണ് അദ്ദേഹം അത് ചെയ്തത്. രണ്ട് കാര്യങ്ങളുണ്ട് അതില്‍. ഒന്നാമത്തേത്, 19ാമത്തെ അടവെടുത്താല്‍ ചന്തുവിന് മരിക്കാന്‍ കഴിയില്ല. ചന്തു അവരെ തോല്‍പ്പിക്കേണ്ടി വരും. അതുകൊണ്ടാണ് അദ്ദേഹം അത് എടുക്കാത്തത്,’ ശ്രീകുമാര്‍ പറയുന്നു.