'നാരദന്‍ ജേണലിസ്റ്റി'നെ തെരഞ്ഞെടുക്കാന്‍ ശ്രീകണ്ഠന്‍ നായരും സിന്ധു സൂര്യ കുമാറും; വിജയിക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍
Film News
'നാരദന്‍ ജേണലിസ്റ്റി'നെ തെരഞ്ഞെടുക്കാന്‍ ശ്രീകണ്ഠന്‍ നായരും സിന്ധു സൂര്യ കുമാറും; വിജയിക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th February 2022, 11:12 pm

ടൊവിനോ തോമസ്- ആഷിക് അബു ചിത്രമായ ‘നാരദന്’ വേറിട്ട പ്രമോഷനുമായി അണിയറപ്രവര്‍ത്തകര്‍. സാമൂഹ്യ പ്രസക്തമായ ഒരു വിഷയത്തെ വാര്‍ത്തയാക്കിയാല്‍ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വാഗ്ദാനം.

‘സാമൂഹ്യ പ്രസക്തമായ ഒരു വിഷയത്തെ വാര്‍ത്തയാക്കു, മത്സരത്തില്‍ വിജയിയാകൂ. തിരഞ്ഞെടുക്കുന്ന ഒരു വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനം. വിജയിയെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ആര്‍. ശ്രീകണ്ഠന്‍ നായര്‍, സിന്ധു സൂര്യകുമാര്‍, നികേഷ് കുമാര്‍, രാജീവ് ദേവരാജന്‍ എന്നിവര്‍ തിരഞ്ഞെടുക്കുന്നു,’ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത പോസ്റ്റിലൂടെ ടൊവിനോ അറിയിച്ചു.

ടൊവിനോ തോമസിന്റെ നാരദനിലെ ലുക്ക് ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസിന്‍ കവര്‍ ചിത്രമാക്കിയിരുന്നു.


ഇതാദ്യമായാണ് മലയാളത്തില്‍ നിന്നുള്ള ഒരു നടന്‍ ഫിലിം ഫെയര്‍ ഡിജിറ്റല്‍ കവറില്‍ ഇടംപിടിക്കുന്നത്.

മാര്‍ച്ച് മൂന്നിന് മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വത്തിനൊപ്പം ക്ലാഷ് റിലീസായാണ് ടൊവിനോയുടെ നാരദന്‍ പുറത്തിറങ്ങുന്നത്.

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

കട്ട താടിയും മുടിയുമായി ഇന്റലക്ച്വല്‍, സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് ടൊവിനോ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററുകള്‍ ചിത്രത്തിന്റെ ദുരൂഹ സ്വഭാവം വര്‍ധിപ്പിക്കുന്നതാണ്. സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍.

മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍.

അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.

വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവിയര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.


Content Highlight: Sreekandan Nair and Sindhu Surya Kumar to select Naradaan journalist